2009, മാർച്ച് 1, ഞായറാഴ്‌ച

ഉണ്ണിഏട്ടയുടെ ദശാവതാരങ്ങള്‍

സ്ഥലത്തെ പ്രധാന "ദേഹണ്ഡം" പ്രമുഖനായിരുന്നു ഉണ്ണിനായര്‍ എന്ന ഉണ്ണികൃഷ്ണന്‍ നായര്‍. ഉണ്ണിനായര്‍ , ഉണ്ണീഷ്ണന്‍ നായര്‍ , ഉണ്ണി ഏട്ട എന്നിങ്ങനെയാണ് അദ്ദേഹം പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും.( ഏട്ടന്‍ ലോപിച്ചതാണ് ഏട്ട. ഏട്ടേ എന്ന് നീട്ടിവിളിക്കുന്നത് ഞങ്ങള്‍ പാലക്കാട്ടുകാര്‍ക്ക് ഒരു പ്രത്യേക സുഖമാണ്. സമാനമായി അച്ഛന്‍ = അച്ഛ. "അച്ചേ" എന്ന് വിളിക്കും, സ്നേഹപൂര്‍വ്വം.)

വിവിധ കാര്യങ്ങളിലുള്ള ആസൂത്രണ പാടവവും , അറുപതാം വയസ്സിലും വറ്റാത്ത ഊര്‍ജസ്വലതയും -ഇതാണ് ഞങ്ങളുടെ അയലത്തെ ഉണ്ണി ഏട്ടയെ വ്യത്യസ്തനാക്കിയിരുന്നത്‌.
കരയോഗം അധ്യക്ഷന്‍ മുതല്‍ ,കല്യാണം, മരണം ,സദ്യ ഒരുക്കല്‍ , ചിട്ടി നടത്തല്‍, കാലിക്കച്ചവടം ബ്രോക്കര്‍ ,കല്യാണ ബ്രോക്കര്‍, ബൂത്ത് ഇലെക്ഷന്‍ കമ്മിറ്റി ,അമ്പല ഉല്‍സവ കമ്മിറ്റി , ശബരിമല ഗുരുസ്വാമി , അയ്യപ്പന്‍ പാട്ട് - എവിടെയും ഉണ്ണി ഏട്ടയുടെ സജീവ സാന്നിധ്യം നിറഞ്ഞു നിന്നു.

കര്‍ക്കടക മാസത്തില്‍ മഴ കനക്കുമ്പോള്‍ , വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായ വൃദ്ധജനങ്ങള്‍ മരണം കാത്ത് ആസന്ന നിലയില്‍ ആകുന്നത് ഞങ്ങളുടെ കുട്ടിക്കാലത്ത് സര്‍വ സാധാരണമായിരുന്നു.

"ഉണ്ണീഷ്ണന്‍ വന്നോട്ടെ. സംഗതി തീരാറായി എന്ന് തോന്നണു." - എന്ന് തലമുതിര്‍ന്ന ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ ഉണ്ണി ഏട്ടയെ വിളിപ്പിക്കുകയായി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്തിപ്പെട്ടാല്‍ പിന്നെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കുന്നത് ഉണ്ണിഏട്ട ആയിരിക്കും.
ബന്ധുക്കള്‍ക്ക് ആളയക്കുക, ഡോക്ടറെ വിളിപ്പിക്കുക , കാറില്‍ വന്നിറങ്ങുന്ന ഡോക്ടറുടെ കൈയില്‍ നിന്നു പെട്ടി വാങ്ങി മുന്‍പേ നടക്കുക , ഇത്യാദി.
പരിശോധന കഴിഞ്ഞ് ഇറങ്ങി വരുന്ന ഡോക്ടറുടെ മുഖം വായിച്ച്ചെടുക്കുന്നതും ഉണ്ണി ഏട്ട തന്നെ.
രക്ഷയില്ല , എന്ന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി , ഡോക്ടര്‍ കാറില്‍ കേറി പോകുന്നതോടെ , കാര്യങ്ങളുടെ മുഴുവന്‍ നിയന്ത്രണവും ഉണ്ണി ഏട്ട ഏറ്റെടുക്കുന്നു.

മുരളീ , വേണൂ, മാധവാ , ശങ്കരാ, അപ്പേ , ചന്ദ്രാ എന്നിങ്ങനെ അനുയായികള്‍ക്ക് ഓരോരുത്തര്‍ക്കും , ചുമതലകള്‍ വീതിച്ചു നല്‍കി , നിര്‍ദേശങ്ങളും, ശാസനകളും , ശകാര വാക്കുകളുമായി അരങ്ങു നിറഞ്ഞ് അദ്ദേഹം ഓടി നടക്കും. ഇടക്ക്‌ അകത്തേക്ക് വന്ന് രോഗിയുടെ നാഡിമിടിപ്പ് നോക്കും.

"വെള്ളം കൊടുക്കാന്‍ ഉള്ളവരൊക്കെ വേഗം കൊടുത്തോളൂ , ഇനി അധികം നേരല്യ."
അതോടെ, "വെള്ളം കൊടുത്ത്" "പുണ്യം നേടാന്‍ " , ബന്ധുമിത്രാദികള്‍ തിരക്കുകൂട്ടുകയായി. ആരോഗ്യമുള്ള കാലത്ത് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്നവര്‍ പോലും, "പുണ്യത്തിനായി" തിരക്ക് പിടിക്കുന്നത്‌ കാണാം.

മരിച്ചു കഴിഞ്ഞാല്‍ , പരേതന്ടെ മിഴി തിരുമ്മി അടക്കുക, കാല്‍ രണ്ടും അകന്നു പോകാതെ തോര്‍ത്ത്‌ കൊണ്ട് ബന്ധിക്കുക, നെറ്റിയില്‍ ഭസ്മം പൂശുക ,കട്ടിലില്‍ നിന്ന് നിലത്ത് ഇറക്കി കിടത്തുക, തലക്കല്‍ നിലവിളക്ക് കൊളുത്തി വക്കുക, നാളികേരം ഉടച്ച്, അതില്‍ തിരി കത്തിക്കുക, രാമായണം വായിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്യുക, ഇതെല്ലാം , അനുയായികളുടെ സഹായത്തോടെ, ഉണ്ണി ഏട്ട താമസമെന്യെ നിര്‍വഹിച്ചു കഴിഞ്ഞിരിക്കും.

തുടര്‍ന്ന്, മുറ്റത്ത്‌ ടാര്‍പോളിന്‍ പന്തല്‍ , പ്ലാസ്റ്റിക് കസേരകള്‍, രാത്രിയിലാണ് മരണം എങ്കില്‍ , കരെന്റ്റ് പോയാല്‍ മുന്‍ കരുതലിനായി പെട്രോ മാക്സ് വിളക്കുകള്‍ എന്നിവ ഏര്‍പ്പാട് ചെയ്യുകയായി.
മൃതദേഹം പൊതിയാനുള്ള ചുവന്ന പട്ട്, കോടി തുണി , ശ്മശാനത്തിലേക്ക് കൊണ്ടുപോകാനുള്ള വിറക്, മറ്റു സാധനങ്ങള്‍ ,ഇവയുടെ ശേഖരണം ആണ് അടുത്ത പടി.

രാത്രിയിലാണ് എങ്കില്‍ , തുണിക്കട തുറപ്പിച്ച്, ഈവക സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്ന സന്ദര്‍ഭങ്ങളും പല തവണ ഉണ്ടായിട്ടുണ്ട്. " മാധവാ, ഗോപാലന്‍റെ കട തുറപ്പിച്ച് , നമുക്ക് സാധനം വേണം "- എന്ന ആന്ജ്ഞ ശിരസാ വഹിച്ച് മാധവേട്ടന്‍ , സൈക്കിളില്‍ , ഗോപാലന്‍റെ വീട് ലക്‌ഷ്യം വച്ച് പായുന്നു.
ഗോപാലനെ അര്‍ദ്ധ രാത്രിക്ക് ഉണര്‍ത്തി , സൈക്കിളില്‍ ഡബിള്‍ ഇരുത്തി ചവിട്ടി , കടയിലെത്തിച്ചു തുണി വാങ്ങി തിരികെ വന്നില്ലെന്കില്‍ , ഉണ്ണി ഏട്ടയുടെ ശകാരം ഉറപ്പ്.
ഇതിനിടയില്‍ , മരണ വീട്ടില്‍ വരുന്ന വി ഐ പി കളെ ( സ്ഥലം വാര്‍ഡ്‌ കൌന്‍സിലര്‍ , മുനിസിപ്പല്‍ ചെയര്‍മാന്‍ , എം .എല്‍ .എ ), സ്വീകരിക്കല്‍, ചായ ഏര്‍പ്പാടാക്കല്‍, ഇതെല്ലാം ഉണ്ണി ഏട്ടയുടെ നേതൃത്വത്തില്‍ നടന്നിരിക്കും.
ശവദാഹം കഴിഞ്ഞ് തിരികെ വരുന്നവര്‍ക്ക് ചെറിയ ഒരു ലഘു ഭക്ഷണവും ചായയും റെഡി. "ദുഖം" തീര്‍ക്കെണ്ടവര്‍ക്ക്, സ്ഥലം ഷാപ്പില്‍ നിന്നുള്ള " ദാഹ ജലവും" ഒരു വശത്ത് ഗോപ്യമായി ഉണ്ടാകും.

മരണാനന്തര ചടങ്ങുകള്‍ തീരുമാനിക്കല്‍ , സഞ്ചയനം, അടിയന്തിരം , ബലിയിടല്‍ -- എല്ലാ കാര്യങ്ങളിലും അവസാന വാക്കായിരുന്നു ഉണ്ണി ഏട്ട.

കല്യാണ വീടുകളിലും , സമാനമായ , ഒരു ടോട്ടല്‍ ഇന്ടെര്‍ വെന്ശണേല്‍ ഓപ്പറേഷന്‍ ആകും നടക്കുക. സദ്യക്ക് പാലട മാത്രം മതിയോ , അതോ ഗോതമ്പ് പായസവും വേണോ , എന്നീ കാര്യങ്ങള്‍ മുതല്‍, നാഗസ്വരം , പൂമാല , , ബസ് , കാര്‍ ബുക്ക് ചെയ്യല്‍ , ഇതെല്ലാം ഉണ്ണി ഏട്ടയുടെ മേല്‍നോട്ടമില്ലാതെ നടക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.ഗൃഹനാഥന്റെ അഭിപ്രായങ്ങള്‍ പോലും വീറ്റോ ചെയ്യപ്പെട്ട സാഹചര്യങ്ങള്‍ വിരളമല്ല.

കരക്കാരുടെ സ്വയം പ്രഖ്യാപിത സൈന്യാധിപനായിരുന്ന ( self styled general) ഉണ്ണി ഏട്ടയുടെ നേതൃത്വത്തിലുള്ള ഒരു കംപ്ലിറ്റ് ഹൈ ജാക്ക് ആയിരുന്നു അക്കാലത്ത് ഞങ്ങളുടെയെല്ലാം വീടുകളിലുള്ള വിശേഷാവസരങ്ങളെല്ലാം.

പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഉണ്ണി ഏട്ടയുടെ നേതൃ പാടവം , എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്,പലപ്പോഴും. കാര്യങ്ങള്‍ ഡെലിഗേറ്റ് ചെയ്യുന്ന രീതിയും , ഓര്‍ഗനൈസിംഗ് കഴിവും അപാരമായിരുന്നു ഇദ്ദേഹത്തിന്.

എല്ലാവരും , തന്നെ നേതാവായി അംഗീകരിച്ചില്ലെങ്കില്‍ കുട്ടികളെപ്പോലെ പിണങ്ങുകയും വഴക്ക് കൂടുകയും ചെയ്യുമായിരുന്നു ഉണ്ണി ഏട്ട.

കാജാ ബീഡി , പട്ടണം പൊടി, പുകയില കൂട്ടിയുള്ള മുറുക്ക് , മുതല്‍ അസാരം മദ്യപാനതിന്ടെ അസ്കിത വരെ ഉണ്ണി ഏട്ടക്ക്‌ ഉണ്ടായിരുന്നു. " ഇതൊന്നും കൂടാതെ എങ്ങന്യാ എന്‍റെ കുട്ട്യേ " എന്ന മട്ട്.

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായി , കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് , ഉണ്ണി ഏട്ട കടന്നു പോയി. ഞങ്ങള്‍ കരക്കാരെ സംബന്ധിച്ചിടത്തോളം , ഉണ്ണി ഏട്ടക്ക്‌ പകരം നില്ക്കാന്‍ ഇന്നും മറ്റൊരാളില്ല.

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, മാർച്ച് 1 6:52 PM

    അസ്സലായിരിക്കുന്നു ..
    ചിറ്റുരമ്മ കനിയട്ടെ ...:)

    ഗ്രാമത്തിന്റെ സ്പന്ദനം അറിയാവുന്ന ഉണ്ണിഎട്ടമാര്‍ ഇനിയും ഉണ്ടാവട്ടെ ...

    മറുപടിഇല്ലാതാക്കൂ
  2. ഉണ്ണിയേട്ടന്മാരെ പല നാടുകളിലും കാണാം, പല പേരുകളില്‍.
    വിദ്യാഭ്യാസവും നേതൃത്വപാടവവും തമ്മില്‍ വലിയ ബന്ധമുണ്ടാവണമെന്നില്ല. നേതൃത്വപാടവം പലപ്പോഴും സ്വന്തം അനുഭവങ്ങളില്‍ നിന്നാണല്ലോ ഉരുത്തിരിഞ്ഞു വരുന്നത്. നല്ല വിദ്യാഭ്യാസം നേടിയ ആള്‍ക്ക് നല്ല നേതാവാകാന്‍ കഴിയാത്തത് അതിനാലാകാം.
    ഉണ്ണിയേട്ടനെ പരിചയപ്പെടുത്തിയ പൊസ്റ്റ് നന്നായി.

    മറുപടിഇല്ലാതാക്കൂ
  3. എല്ലാ എങ്ങാപ്പാങ്ങിലും ണ്ടാവണ ഉണ്ണിയേട്ടമാരൊക്കെ ഇപ്പൊ ഇല്ലവേ.
    അവര്‌നെ ഒക്കെ ഓർമ്മേണ്ടലോ,അദെന്നെ ധാരാളം.

    മറുപടിഇല്ലാതാക്കൂ