2009, ജനുവരി 28, ബുധനാഴ്‌ച

വാരിയര്‍ മാഷ്‌

ശ്രീ ശൂലപാണി വാരിയര്‍ ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ ജി എല്‍ പി എസ് അമ്പാട്ട് പാളയം എന്ന ഗവേര്‍മേന്റ്റ് ലോവര്‍ പ്രൈമറി സ്കൂളിന്‍റെ തലവന്‍.
വാരിയര്‍ മാഷ്‌ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കുട്ടികള്‍ക്കേവര്‍ക്കും പ്രിയങ്കരനായിരുന്നു. ഒന്നു മുതല്‍ നാല് വരെ ക്ലാസ്സുകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.ഇപ്പോഴും അത്രയേ ഉള്ളൂ.
മുപ്പതഞ്ചിലേറെ വര്‍ഷങ്ങള്‍ പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ജി എല്‍ പി എസും വാരിയര്‍ മാഷും ചാമി മാഷും രാഘവന്‍ മാഷും ജയദേവന്‍ മാഷും കുഞ്ഞി പെണ്ണ് ടീച്ചറും ജാനകി അമ്മയും എല്ലാം ഓര്‍മകളില്‍ കൃത്യമായി തെളിയുന്നു.
തൊള്ളായിരത്തി എഴുപതിലാണ് ഞാന്‍ അവിടെ പഠിക്കാന്‍ ചേരുന്നത്. അന്ന് ഒന്നാം ക്ലാസിലെ പരീക്ഷ നേരിട്ടു എഴുതി രണ്ടാം ക്ലാസ്സില്‍ ചേരാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ രണ്ടാം ക്ലാസ്സില്‍ മാത്രമേ സ്കൂളില്‍ പോയി തുടങ്ങിയുള്ളൂ.ഒന്നാം പാഠവും സ്ലേറ്റും മറ്റും വച്ച് വീട്ടില്‍ അച്ഛന്‍റെ വക അധ്യനമായിരുന്നു ആദ്യം.
എന്‍റെ അച്ഛന്‍ തൊട്ടടുത്ത ഹൈ സ്കൂളിലെ അധ്യാപകനായിരുന്നതുകൊണ്ടും വാരിയര്‍ മാസ്റ്റര്‍ ഞങളുടെ അയല്പക്കക്കാരനായിരുന്നതുകൊണ്ടും എനിക്ക് പ്രത്യേക പരിഗണന കിട്ടി.എന്‍റെ എല്ലാ പിറന്നാളിനും മുടങ്ങാതെ ഒരു മൊന്ത പായസം വാരിയര്‍ മാസ്റ്ററുടെ വീട്ടില്‍ അമ്മ എത്തിക്കും. അതിനാല്‍ തന്നെ എന്‍റെ ജന്മനക്ഷത്രമായ വിശാഖം വാരിയര്‍ മാഷിന് തീര്‍ത്തും സുപരിചിതം. എപ്പോള്‍ വഴിയില്‍ കണ്ടാലും എന്താ വിശാഖം എന്നാണ് വിളിച്ചിരുന്നത്. സ്കൂളില്‍ ചേര്‍ന്നപ്പോഴും അതിന് മാറ്റമുണ്ടായില്ല.

എല്ലാ വര്‍ഷവും സ്കൂള്‍ അഡ്മിഷന്‍ വാരിയര്‍ മാഷുടെ നേതൃത്വത്തില്‍ ഒരു വിശാലമായ ചടങ്ങാണ്.അച്ഛന്‍റെ കൂടെ ഞാന്‍ ചെല്ലുമ്പോള്‍ തകൃതിയായി അഡ്മിഷന്‍ നടക്കുകയാണ്.വാരിയര്‍ മാഷും ചാമി മാഷും ജാനകി അമ്മയും അടങ്ങിയ പാനല്‍ ചടങ്ങ് തുടങ്ങിയിരിക്കുന്നു. അഡ്മിഷന്‍ എടുക്കാന്‍ വന്നിരിക്കുന്ന കുട്ടികളില്‍ മിക്കവരും പാവപ്പെട്ട കര്‍ഷക തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.

അന്നത്തെ കാലത്ത് വയസ്സ് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ തെളിവുകളൊന്നും ആവശ്യമില്ല. രക്ഷിതാവിന്‍റെ സത്യവാങ്ങ്മൂലം മാത്രം മതി, ഒന്നാം ക്ലാസില്‍ ചേരുമ്പോള്‍ അഞ്ചു വയസ്സായിരിക്കണം എന്ന നിബന്ധനയ്ക്ക്. പാടത്തു പണിക്കു പോകുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്ക് ഇരുത്താനുള്ള അസൌകര്യവും സ്കൂളില്‍ സൌജന്യമായി കിട്ടുന്ന പാല്‍ -ഉപ്പുമാവ് ഭക്ഷണവും പരിഗണിച്ച് പലരും കുട്ടികളെ വ്യാജ സത്യവാങ്ങ്മൂലം നല്‍കി നാല് വയസ്സിലും നാലര വയസ്സിലും സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുവരുന്നത്‌ അക്കാലത്തു സര്‍വ സാധാരണമായിരുന്നു.

വാരിയര്‍ മാഷിന്‍റെ തനതായ രീതിയില്‍ അദ്ദേഹം അത് പരിശോധിക്കുന്നത് വളരെ രസകരമായ ദൃശ്യം ആണ്.


" അഞ്ചു വയസ്സായോ കുട്ടിക്ക്?"


"ഉവ്വ് ,തമ്പ്രാനെ ,ഈ മകരത്തില്‍ അഞ്ചു തികഞ്ഞു."


" ഹും, ഞാന്‍ നോക്കട്ടെ. ഇങ്ങട്ട് നീങ്ങി നിക്ക് ചെക്കാ".


പേടിച്ച്,ലേശം മടിച്ച് , കുട്ടി മാഷുടെ മുന്നിലേക്ക് നീങ്ങുന്നു.


" എന്താണ്ടാ നിന്‍റെ പേര് ?"


"ഗുരുവായൂരപ്പന്‍ , സര്‍ "


" ഹും, നിന്‍റെ വലത്തേ കൈ ,ഇടതുഭാഗത്തെ ചെവി ചുറ്റിച്ച് മൂക്കില്‍ തൊടു."
ഗുരുവായൂരപ്പന്‍ പരിഭ്രമിച്ചു. നിര്‍ദേശം മനസ്സിലാകാതെ പകച്ചു.


"മനസ്സിലായില്ലേ .ഡാ ,ഇവിടെ നോക്ക് ,ദാ, ഇങ്ങനെ".


വാരിയര്‍ മാഷ്‌ സംഗതി കാണിച്ചു കൊടുക്കുന്നു.


ഗുരുവായൂരപ്പന്‍ വളരെ പ്രയാസപ്പെട്ട് വലത്തേ കൈ ഇടത്തേ ചെവി വഴി ചുറ്റി മുന്നോട്ടു കൊണ്ടുവന്നു മൂക്കില്‍ തൊട്ടു.


"ഓ ,അഞ്ചു വയസ്സായി , ശരി ശരി , മതി , മതി ".
മാഷിന് തൃപ്തിയായി.
അനന്തരം അഡ്മിഷന്‍ രേജിസ്റ്റെരിലേക്ക് ഗുരുവായൂരപ്പന്‍ പ്രവേശിക്കുകയായി.
രെജിസ്റ്റെര്‍ എഴുതാന്‍ ചാമി മാഷ്‌ തയ്യാര്‍ .
മാഷ് ഗുരുവായൂരപ്പനെ കൊണ്ടുവന്ന അമ്മയോട് ചോദ്യാവലി തുറന്നു.
""ചെക്കന്‍റെ അപ്പനെവിടെ?"


"പണിക്കു പോയി ,തമ്പ്രാ".


"അപ്പന്‍റെ പേരു പറയിന്‍ ".


" പഴനി മല ".


" ഓ, ചാമ്യാഷേ, രേജിസ്റ്റെരില്‍ എഴുതിന്‍ , ചെക്കന്‍റെ പേര്‌ ഗുരുവായൂരപ്പന്‍.വയസ്സ് അഞ്ച്‌, അപ്പന്‍റെ പേര് പഴനി മല, എഴുതിയോ മാഷേ ?"


ചാമി മാഷ് ഇത്രയും കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതോടെ ഗുരുവായൂരപ്പന്‍ സ്കൂളിലെ ഒന്നാം തരം വിദ്യാര്‍ഥിയായി ചേര്‍ന്നു കഴിഞ്ഞു .


ഇനി രണ്ട് അടയാളങ്ങള്‍ ദേഹത്ത് നിന്നു കണ്ടുപിടിച്ച്‌ എഴുതുന്ന ജോലിയാണ് ബാക്കിയുള്ളത് .
അതിനുള്ള ശ്രമം തുടങ്ങുന്നു.
" കുപ്പായമൂരടാ" മാഷ് ആജ്ഞാപിച്ചു.
ഗുരുവായൂരപ്പന്‍ ദയനീയമായി അമ്മയെ നോക്കുന്നു.
"ഊരടാ കുപ്പായം. ജാനകിയമ്മേ ".
വിളി കേട്ട ജാനകിയമ്മ ചാടി മുന്നോട്ടു വന്നു.
സ്കൂളിലെ ആയ കം പ്യൂണ്‍ കം ക്ലീനെര്‍ കം കുക്ക് എന്നീ റോളുകള്‍ അനായാസേന കൈകാര്യം ചെയ്യുന്ന ജാനകിയമ്മ ഗുരുവായൂരപ്പന്‍റെ കുപ്പായം അഥവാ ഷര്‍ട്ട് അഴിച്ചു മാറ്റി അവനെ വാരിയര്‍ മാഷിന്‍റെ മുന്നിലേക്ക് തള്ളി നിര്‍ത്തുന്നു.
പട്ടണം ബ്രാന്‍ഡ് മൂക്കില്‍ പൊടി രണ്ടു മൂക്കിലും വലിച്ചു കയറ്റി , ഒന്നു തുമ്മി, ഉഷാറായി, വാരിയര്‍ മാഷ് റെഡിയായി. പരിഭ്രമത്തോടെ നില്ക്കുന്ന ഗുരുവായൂരപ്പന്‍റെ കേശാദിപാദം മാസ്റ്റര്‍ നിരീക്ഷണം നടത്തി.

രണ്ട് അടയാളങ്ങള്‍ കണ്ടെത്തിയ മാഷ്.
"എഴുതിന്‍ ചാമ്യാഷേ."
ചാമി മാഷ് പേന രെജിസ്റ്ററില്‍ കുത്തി ചെവി കൂര്‍പ്പിച്ചു.

" മണ്ടയില്‍ ഒരു വടു."
"മണ്ടയില്‍ ഒരു വടു. എഴുതിയോ മാഷേ?"
ചാമി മാഷ് തലയാട്ടി.

"ഇടതു നെഞ്ചില്‍ ഒരു കാക്കപ്പുള്ളി. "
"ഓ, മതി മതി.ഇനി കുപ്പായമിട്ടോടാ ചെക്കാ."
അങ്ങനെ ഒരു ഒന്നാം ക്ലാസ്സ് അഡ്മിഷന്‍ പൂര്‍ത്തിയായി.