2009, മാർച്ച് 7, ശനിയാഴ്‌ച

ഒരു വടക്കന്‍ വീരഗാഥ

ഇലക്ഷന്‍ പ്രഖ്യാപനം വന്നതോടെ നമ്മുടെ ചാനെലുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തു തുടങ്ങിയല്ലോ.
ഒരു ചാനെലില്‍ നിന്ന് മറ്റൊന്നിലേക്ക്‌ പറന്നു വെട്ടുന്ന ചേകവന്മാരെക്കൊണ്ട് പൊറുതി ഇല്ലാതായിത്തുടങ്ങി.
മലയാള സിനിമയിലെ നിത്യ ഹരിത നായകരെപ്പോലെ , ചാനെല്‍ ചര്‍ച്ചകളിലും ഹരിതന്മാര്‍ ഏറെയുണ്ട്.


സ്ഥിരം നായകന്‍റെ സാമ്പിള്‍ ഇതാ .
തലക്കെട്ട്‌ കടം എടുത്തതിന് മഹാനുഭാവന്മാരായ എം.ടി യോടും ഹരിഹരനോടും മാപ്പ്. പക്ഷെ ഇതൊരു അഭിനവ വീര ഗാഥയാണ്.
മലയാളം ടി വി ചാനെലുകളില്‍ ആണ് ശ്രീമാന്‍ സ്ഥിരമായി അങ്കം കുറിക്കുന്നത്.
" ഹെന്‍റെ ചാനെലാര്‍ കാവില്‍ അമ്മയാണെ, എ .ഐ. സി .സി പരമ്പര ദൈവങ്ങള്‍ ആണെ , ഇത് സത്യം ,സത്യം, സത്യം "

അവതാരകന്‍:
ഇന്ന് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ , ശ്രീ. തൊമ്മി ദ നോര്‍ത്തേണ്‍ , നമ്മളോടൊപ്പം ഉണ്ട്. വേറെ ചിലരെയും വഴിയെ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യമായി , ശ്രീ. നോര്‍ത്തേണ്‍ , സ്വാഗതം. ഇന്ന് നമ്മുടെ വിഷയം , വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. അതിലേക്കു കടക്കുന്നതിനു മുമ്പായി ഒരു ചോദ്യം. ഏറെ പ്രത്യേകതകളുള്ള ഒരു പേരാണല്ലോ താങ്കളുടേത്. തീര്‍ത്തും വിധേയനായ ഒരു തൊമ്മി ആണ് താങ്കള്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ , അത് നിഷേധിക്കുന്നുണ്ടോ?

തൊമ്മി : ന്യിഗേഷ് , ഞ്യാന്‍ ഒരു ഗാര്യം ആദ്യംമായി പറയട്ടെ. ഹെന്‍റെ മലയാലം കുരച്ചു കുരച്ചു വിത്യാസം ഉണ്ട്. ഐ ,മീന്‍ , ദ റീസണ്‍ ഈസ് , ഐ വാസ് ടോടല്ല്‍ി ബ്രോട്റ്റ് അപ് ആന്‍ഡ് എജ്യുക്കെറ്റെദ് ഔട്ട് സൈഡ് കെരാലാ , യു നോ .ബട്, ദസെന്ട് മാറ്റര്‍ മച്ച്. നൌവ്, കാന്‍ യു റിപീറ്റ് ദ കൊസ്ട്യേന്‍ ,ഇഫ് യു ,ഡോണ്ട് മൈന്‍ഡ് ?

അവതാരകന്‍: ശരി , മി. നോര്‍ത്തേണ്‍ , ചോദ്യം ആവര്‍ത്തിക്കാം. താങ്കള്‍, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ , തീര്‍ത്തും ,വിധേയനായ , തൊമ്മി തന്നെയല്ലേ? ഞാന്‍ ഉദ്ദേശിച്ചത് , ഭാസ്കര പട്ടേലരുടെ തൊമ്മിയെ തന്നെയാണ്. അടൂര്‍ ഗോപാല കൃഷ്ണന്‍റെ പ്രശസ്തമായ സിനിമ , വിധേയനെ പറ്റി കേട്ടുകാണും. ?

തൊമ്മി : ഓ , യെസ്, യെസ് , ദാറ്റ് തൊമ്മി. ഇന്‍ ഫാക്റ്റ്, ഐ , നെവെര്‍ ഹാഡ് എ ചാന്‍സ് ടൂ വാച്ച് ദാറ്റ് മൂവീ, ബട് , ഐ കാന്‍ അന്ദെര്സ്ടാന്ട്, യു , നോ. അതേ തൊമ്മി തന്നെ ആണ് നാന്‍ എന്ന് പറഞ്ഞാലും എനിക്ക് വിരോധം ഇലല്യ. നാന്‍ എന്നും പാര്‍ട്ടിയുടെ ഒരു വിനീത ദാസനാണ്‌. യു നോ, വാട്ട് ഐ മീന്‍

അവതാരകന്‍
:
തീര്‍ച്ചയായും , ശ്രീ. നോര്‍ത്തേണ്‍ . ഈ നാന്‍ എന്ന് പറയുന്നത് ഒരു തരം വടക്കന്‍ ചപ്പാത്തി അല്ലെ? ഞാന്‍ എന്നായിരിക്കും ഉദ്ദേശിക്കുന്നത്?

തൊമ്മി : യെസ് ,ന്യിഗേഷ്, നാന്‍ ബ്യെസികലി ഈസ് എ വടക്കന്‍ ഫുഡ് ഐറ്റം. ആന്‍ഡ് , ഐ ആം ആള്‍സോ എ വടക്കന്‍.പ്ലീസ് , ഐ അഡ്മിറ്റ് , ഐ ഹാവ് സം ദിഫ്ഫികല്ടി ഇന്‍ മലയാലം. ബട് , നിങ്ങള്‍ , ആള്‍ക്കാരെ , മേക് ഫ‌ന്‍ ചെയ്യുന്നത് , ഐ മീന്‍ , ആക്കുന്നത് , ഷരിയായ കാര്യമല്ല.

അവതാരകന്‍: ക്ഷമിക്കണം, ശ്രീ. നോര്‍ത്തേണ്‍, കളിയാക്കാന്‍ ശ്രമിച്ചതല്ല. പക്ഷെ , നമ്മുടെ മലയാളി പ്രേക്ഷകര്‍ക്ക്‌ , താങ്കളുടെ "ന" കാരവും , "ഷകാരവും ചിലപ്പോള്‍ പുതിയ കാര്യങ്ങള്‍ ആയിരിക്കും. അതിനാല്‍ ഒന്ന് വിശദീകരണം തേടി എന്നേ കരുതേണ്ടൂ. മറ്റൊരു വിഷയത്തിലേക്ക്.താങ്കളുടെ പാര്‍ടി പ്രവര്‍ത്തന പാരമ്പര്യം ഒന്ന് ചുരുക്കി പറയാമോ?

തൊമ്മി: സീ , നാന്‍ , എന്‍റെ ഓര്‍മ വച്ച കാലം മുതല്‍ ,കോണ്‍ഗ്രസ് ,വോര്‍കെര്‍ ആണ് . ഇന്‍ ഫാക്റ്റ് , എ. ഐ . സീ. സീ . ഓഫീസില്‍ ആണ് നാന്‍ എല്ലായ്പോഴും വര്‍ക്കു ചെയ്തിരുന്നത്. സൊ, യു , കാന്‍ ,ഇമാജിന്‍ , ഐ ആം എ ഹാര്‍ഡ് വോര്‍കിംഗ് പാര്‍ടി മെമ്പര്‍.

അവതാരകന്‍: ഈയിടെയായി , താങ്കളെപ്പറ്റി ചില വിവാദങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ. അതായത് , താങ്കള്‍ , പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും എന്നൊക്കെ. എന്തെങ്കിലും , വാസ്തവം ?


തൊമ്മി: നോക്കൂ , ന്യിഗേഷ് , നാന്‍ എവിടെ നിക്കണം , ഇരിക്കണം , എന്നെല്ലാം പാര്‍ട്ടി ദിസൈട് ചെയ്യും.; ഐ മീന്‍ ദ ഹൈ കമാന്‍ഡ് . എന്നെ സംബന്ധിച്ചിടത്തോളം , സോണിയാജി , രാഹുല്‍ ജീ ഇവരുടെ തീരുമാനമാണ് വലുത്. അവര്‍ തീരുമാനിച്ചാല്‍ നാന്‍ മല്‍സരിക്കും. പിന്നെ , ത്രിഷ്ശൂര്‍ എന്‍റെ സ്ഥലം ആണ്. നാന്‍ അവിടെ മത്സരിക്കരുതെന്ന് ആരും പറയാന്‍ പറ്റില്ലല്ലോ.


അവതാരകന്‍ : ( ആത്മഗതം : ദാ , പിന്നെയും ഷകാരം. ). പക്ഷെ , ശ്രീ. തൊമ്മീ , തൃശൂരിലെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും , " കെട്ടിയിറക്കുന്ന " സ്ഥാനാര്‍ഥികള്‍ക്ക് എതിരാണ് എന്നാണല്ലോ അവിടത്തെ ജില്ലാ നേതൃത്വം പറയുന്നത്?

തൊമ്മി: ഐ ഡോണ്ട് കെയര്‍ എനി പ്രവര്‍ത്തകര്‍. ആരാണവര്‍? ഹൈ കമാന്‍ഡ് ആണ് ദിസൈദ് ചെയ്യുന്നത്. അങ്ങനെ ദിസിഷന്‍ വന്നാല്‍ നാന്‍ ത്രിഷ്ശൂരില്‍ മല്‍സരിക്കും , ദെഫ്ഫിനിട് ആയും ന്യിഗേഷ്.


അവതാരകന്‍: അപ്പോള്‍ പ്രവര്‍ത്തകര്‍ പ്രശ്നമല്ല എന്നാണോ ?

തൊമ്മി: തീര്‍ച്ചയായും. പ്രവര്‍ത്തകര്‍ എന്നല്ല , ജനങ്ങള്‍ പോലും എനിക്ക് പ്രശ്ഷ്ണം അല്ല. ഹൈ കമാന്‍ഡ് ആണ് ദിസൈട് ചെയ്യുക.

അവതാരകന്‍: ഇത് വളരെ , വളരെ , ധീരമായ , ഒരു കാല്‍വയ്പും നിലപാടും തന്നെ ആണ് ശ്രീ.നോര്‍ത്തേണ്‍ . താങ്കളുടെ , പാര്‍ടിയോടും ഹൈ കംമാണ്ടിനോടുമുള്ള കൂറും , അതിനുവേണ്ടി , ജനങ്ങളെ പോലും ത്യജിക്കുന്ന രീതിയും താങ്കളെ വ്യത്യസ്തനാക്കുന്നു. അവസാനമായി ഒരു ചോദ്യം കൂടി . ഡല്‍ഹിയില്‍ , ഒരു യോഗത്തില്‍ , കേരളത്തില്‍ നിന്നുള്ള ആരോ , താങ്കളെ , തൂപ്പുകാരന്‍ എന്നോ ചായക്കാരന്‍ എന്നോ ഒക്കെ വിശേഷിപ്പിച്ചതായി കേള്‍ക്കുന്നു. എന്താണ് അഭിപ്രായം?

തൊമ്മി: സീ , ന്യിഗേഷ് , നാന്‍ അതൊന്നും കാര്യമാക്കുന്നില്ല. നാന്‍ ഒരു ഗ്രാസ്സ് റൂട്ട് വോര്‍കേര്‍ ആണ്. ഐ മീന്‍ , ഇന്നലെയും കൂടി , ഇവിടത്തെ ഗ്രാസ്സ് ലൌന്‍ , നാന്‍ മോ ചെയ്തതേ ഉള്ളൂ. പിന്നെ, ചായ കൂട്ടല്‍, ക്ലീനിംഗ് , ഇതെല്ലാം നാം ഇടക്കെല്ലാം ചെയ്യാരുള്ളതല്ലേ? ഐ ബിലീവ് ഇന്‍ ദിഗ്നിടി ഓഫ് ലേബര്‍ , യു , നോ. മഹാത്മജി പറഞ്ഞിട്ടില്ലേ , ഇന്ദിരാജി പറഞ്ഞിട്ടില്ലേ ,രാജീവ്ജി പറഞ്ഞിട്ടില്ലേ , സോണിയാജി പറഞ്ഞിട്ടില്ലേ , രാഹുല്ജി പറഞ്ഞിട്ടില്ലേ ............?( ശ്വാസം കിട്ടാതെ കിതക്കുന്നു). പിന്നെന്താ പ്രശ്ഷ്ണം?

അവതാരകന്‍:ഓകേ, ഓകേ , ശ്രീ.തൊമ്മി , താങ്കള്‍ വല്ലാതെ വികാരഭരിതനാകുന്നു. ഇതൊരു വളരെ കൃത്യമായ ഉത്തരം തന്നെ എന്ന് പറയാതെ വയ്യ. ഒറ്റ ചോദ്യം കൂടി.

തൊമ്മി: സോറി , മി.ന്യിഗേഷ് , ടൈം ഇല്ല . മറ്റു മൂന്ന് ചാനെലുകളില്‍ നിന്ന് വിളി വന്നു ക്യൂവില്‍ ആണ്. വിഷദമായി ഇനി ഒരിക്കല്‍ വിളിക്കൂ.

അവതാരകന്‍: ശരി , മി. നോര്‍ത്തേണ്‍ , താങ്കള്‍ക്ക് എല്ലാ ആശംസകളും , അല്ല , ആഷംഷകളും നേരുന്നു .നന്ദി.















2009, മാർച്ച് 1, ഞായറാഴ്‌ച

ഉണ്ണിഏട്ടയുടെ ദശാവതാരങ്ങള്‍

സ്ഥലത്തെ പ്രധാന "ദേഹണ്ഡം" പ്രമുഖനായിരുന്നു ഉണ്ണിനായര്‍ എന്ന ഉണ്ണികൃഷ്ണന്‍ നായര്‍. ഉണ്ണിനായര്‍ , ഉണ്ണീഷ്ണന്‍ നായര്‍ , ഉണ്ണി ഏട്ട എന്നിങ്ങനെയാണ് അദ്ദേഹം പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും.( ഏട്ടന്‍ ലോപിച്ചതാണ് ഏട്ട. ഏട്ടേ എന്ന് നീട്ടിവിളിക്കുന്നത് ഞങ്ങള്‍ പാലക്കാട്ടുകാര്‍ക്ക് ഒരു പ്രത്യേക സുഖമാണ്. സമാനമായി അച്ഛന്‍ = അച്ഛ. "അച്ചേ" എന്ന് വിളിക്കും, സ്നേഹപൂര്‍വ്വം.)

വിവിധ കാര്യങ്ങളിലുള്ള ആസൂത്രണ പാടവവും , അറുപതാം വയസ്സിലും വറ്റാത്ത ഊര്‍ജസ്വലതയും -ഇതാണ് ഞങ്ങളുടെ അയലത്തെ ഉണ്ണി ഏട്ടയെ വ്യത്യസ്തനാക്കിയിരുന്നത്‌.
കരയോഗം അധ്യക്ഷന്‍ മുതല്‍ ,കല്യാണം, മരണം ,സദ്യ ഒരുക്കല്‍ , ചിട്ടി നടത്തല്‍, കാലിക്കച്ചവടം ബ്രോക്കര്‍ ,കല്യാണ ബ്രോക്കര്‍, ബൂത്ത് ഇലെക്ഷന്‍ കമ്മിറ്റി ,അമ്പല ഉല്‍സവ കമ്മിറ്റി , ശബരിമല ഗുരുസ്വാമി , അയ്യപ്പന്‍ പാട്ട് - എവിടെയും ഉണ്ണി ഏട്ടയുടെ സജീവ സാന്നിധ്യം നിറഞ്ഞു നിന്നു.

കര്‍ക്കടക മാസത്തില്‍ മഴ കനക്കുമ്പോള്‍ , വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായ വൃദ്ധജനങ്ങള്‍ മരണം കാത്ത് ആസന്ന നിലയില്‍ ആകുന്നത് ഞങ്ങളുടെ കുട്ടിക്കാലത്ത് സര്‍വ സാധാരണമായിരുന്നു.

"ഉണ്ണീഷ്ണന്‍ വന്നോട്ടെ. സംഗതി തീരാറായി എന്ന് തോന്നണു." - എന്ന് തലമുതിര്‍ന്ന ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ ഉണ്ണി ഏട്ടയെ വിളിപ്പിക്കുകയായി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്തിപ്പെട്ടാല്‍ പിന്നെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കുന്നത് ഉണ്ണിഏട്ട ആയിരിക്കും.
ബന്ധുക്കള്‍ക്ക് ആളയക്കുക, ഡോക്ടറെ വിളിപ്പിക്കുക , കാറില്‍ വന്നിറങ്ങുന്ന ഡോക്ടറുടെ കൈയില്‍ നിന്നു പെട്ടി വാങ്ങി മുന്‍പേ നടക്കുക , ഇത്യാദി.
പരിശോധന കഴിഞ്ഞ് ഇറങ്ങി വരുന്ന ഡോക്ടറുടെ മുഖം വായിച്ച്ചെടുക്കുന്നതും ഉണ്ണി ഏട്ട തന്നെ.
രക്ഷയില്ല , എന്ന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി , ഡോക്ടര്‍ കാറില്‍ കേറി പോകുന്നതോടെ , കാര്യങ്ങളുടെ മുഴുവന്‍ നിയന്ത്രണവും ഉണ്ണി ഏട്ട ഏറ്റെടുക്കുന്നു.

മുരളീ , വേണൂ, മാധവാ , ശങ്കരാ, അപ്പേ , ചന്ദ്രാ എന്നിങ്ങനെ അനുയായികള്‍ക്ക് ഓരോരുത്തര്‍ക്കും , ചുമതലകള്‍ വീതിച്ചു നല്‍കി , നിര്‍ദേശങ്ങളും, ശാസനകളും , ശകാര വാക്കുകളുമായി അരങ്ങു നിറഞ്ഞ് അദ്ദേഹം ഓടി നടക്കും. ഇടക്ക്‌ അകത്തേക്ക് വന്ന് രോഗിയുടെ നാഡിമിടിപ്പ് നോക്കും.

"വെള്ളം കൊടുക്കാന്‍ ഉള്ളവരൊക്കെ വേഗം കൊടുത്തോളൂ , ഇനി അധികം നേരല്യ."
അതോടെ, "വെള്ളം കൊടുത്ത്" "പുണ്യം നേടാന്‍ " , ബന്ധുമിത്രാദികള്‍ തിരക്കുകൂട്ടുകയായി. ആരോഗ്യമുള്ള കാലത്ത് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്നവര്‍ പോലും, "പുണ്യത്തിനായി" തിരക്ക് പിടിക്കുന്നത്‌ കാണാം.

മരിച്ചു കഴിഞ്ഞാല്‍ , പരേതന്ടെ മിഴി തിരുമ്മി അടക്കുക, കാല്‍ രണ്ടും അകന്നു പോകാതെ തോര്‍ത്ത്‌ കൊണ്ട് ബന്ധിക്കുക, നെറ്റിയില്‍ ഭസ്മം പൂശുക ,കട്ടിലില്‍ നിന്ന് നിലത്ത് ഇറക്കി കിടത്തുക, തലക്കല്‍ നിലവിളക്ക് കൊളുത്തി വക്കുക, നാളികേരം ഉടച്ച്, അതില്‍ തിരി കത്തിക്കുക, രാമായണം വായിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്യുക, ഇതെല്ലാം , അനുയായികളുടെ സഹായത്തോടെ, ഉണ്ണി ഏട്ട താമസമെന്യെ നിര്‍വഹിച്ചു കഴിഞ്ഞിരിക്കും.

തുടര്‍ന്ന്, മുറ്റത്ത്‌ ടാര്‍പോളിന്‍ പന്തല്‍ , പ്ലാസ്റ്റിക് കസേരകള്‍, രാത്രിയിലാണ് മരണം എങ്കില്‍ , കരെന്റ്റ് പോയാല്‍ മുന്‍ കരുതലിനായി പെട്രോ മാക്സ് വിളക്കുകള്‍ എന്നിവ ഏര്‍പ്പാട് ചെയ്യുകയായി.
മൃതദേഹം പൊതിയാനുള്ള ചുവന്ന പട്ട്, കോടി തുണി , ശ്മശാനത്തിലേക്ക് കൊണ്ടുപോകാനുള്ള വിറക്, മറ്റു സാധനങ്ങള്‍ ,ഇവയുടെ ശേഖരണം ആണ് അടുത്ത പടി.

രാത്രിയിലാണ് എങ്കില്‍ , തുണിക്കട തുറപ്പിച്ച്, ഈവക സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്ന സന്ദര്‍ഭങ്ങളും പല തവണ ഉണ്ടായിട്ടുണ്ട്. " മാധവാ, ഗോപാലന്‍റെ കട തുറപ്പിച്ച് , നമുക്ക് സാധനം വേണം "- എന്ന ആന്ജ്ഞ ശിരസാ വഹിച്ച് മാധവേട്ടന്‍ , സൈക്കിളില്‍ , ഗോപാലന്‍റെ വീട് ലക്‌ഷ്യം വച്ച് പായുന്നു.
ഗോപാലനെ അര്‍ദ്ധ രാത്രിക്ക് ഉണര്‍ത്തി , സൈക്കിളില്‍ ഡബിള്‍ ഇരുത്തി ചവിട്ടി , കടയിലെത്തിച്ചു തുണി വാങ്ങി തിരികെ വന്നില്ലെന്കില്‍ , ഉണ്ണി ഏട്ടയുടെ ശകാരം ഉറപ്പ്.
ഇതിനിടയില്‍ , മരണ വീട്ടില്‍ വരുന്ന വി ഐ പി കളെ ( സ്ഥലം വാര്‍ഡ്‌ കൌന്‍സിലര്‍ , മുനിസിപ്പല്‍ ചെയര്‍മാന്‍ , എം .എല്‍ .എ ), സ്വീകരിക്കല്‍, ചായ ഏര്‍പ്പാടാക്കല്‍, ഇതെല്ലാം ഉണ്ണി ഏട്ടയുടെ നേതൃത്വത്തില്‍ നടന്നിരിക്കും.
ശവദാഹം കഴിഞ്ഞ് തിരികെ വരുന്നവര്‍ക്ക് ചെറിയ ഒരു ലഘു ഭക്ഷണവും ചായയും റെഡി. "ദുഖം" തീര്‍ക്കെണ്ടവര്‍ക്ക്, സ്ഥലം ഷാപ്പില്‍ നിന്നുള്ള " ദാഹ ജലവും" ഒരു വശത്ത് ഗോപ്യമായി ഉണ്ടാകും.

മരണാനന്തര ചടങ്ങുകള്‍ തീരുമാനിക്കല്‍ , സഞ്ചയനം, അടിയന്തിരം , ബലിയിടല്‍ -- എല്ലാ കാര്യങ്ങളിലും അവസാന വാക്കായിരുന്നു ഉണ്ണി ഏട്ട.

കല്യാണ വീടുകളിലും , സമാനമായ , ഒരു ടോട്ടല്‍ ഇന്ടെര്‍ വെന്ശണേല്‍ ഓപ്പറേഷന്‍ ആകും നടക്കുക. സദ്യക്ക് പാലട മാത്രം മതിയോ , അതോ ഗോതമ്പ് പായസവും വേണോ , എന്നീ കാര്യങ്ങള്‍ മുതല്‍, നാഗസ്വരം , പൂമാല , , ബസ് , കാര്‍ ബുക്ക് ചെയ്യല്‍ , ഇതെല്ലാം ഉണ്ണി ഏട്ടയുടെ മേല്‍നോട്ടമില്ലാതെ നടക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.ഗൃഹനാഥന്റെ അഭിപ്രായങ്ങള്‍ പോലും വീറ്റോ ചെയ്യപ്പെട്ട സാഹചര്യങ്ങള്‍ വിരളമല്ല.

കരക്കാരുടെ സ്വയം പ്രഖ്യാപിത സൈന്യാധിപനായിരുന്ന ( self styled general) ഉണ്ണി ഏട്ടയുടെ നേതൃത്വത്തിലുള്ള ഒരു കംപ്ലിറ്റ് ഹൈ ജാക്ക് ആയിരുന്നു അക്കാലത്ത് ഞങ്ങളുടെയെല്ലാം വീടുകളിലുള്ള വിശേഷാവസരങ്ങളെല്ലാം.

പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഉണ്ണി ഏട്ടയുടെ നേതൃ പാടവം , എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്,പലപ്പോഴും. കാര്യങ്ങള്‍ ഡെലിഗേറ്റ് ചെയ്യുന്ന രീതിയും , ഓര്‍ഗനൈസിംഗ് കഴിവും അപാരമായിരുന്നു ഇദ്ദേഹത്തിന്.

എല്ലാവരും , തന്നെ നേതാവായി അംഗീകരിച്ചില്ലെങ്കില്‍ കുട്ടികളെപ്പോലെ പിണങ്ങുകയും വഴക്ക് കൂടുകയും ചെയ്യുമായിരുന്നു ഉണ്ണി ഏട്ട.

കാജാ ബീഡി , പട്ടണം പൊടി, പുകയില കൂട്ടിയുള്ള മുറുക്ക് , മുതല്‍ അസാരം മദ്യപാനതിന്ടെ അസ്കിത വരെ ഉണ്ണി ഏട്ടക്ക്‌ ഉണ്ടായിരുന്നു. " ഇതൊന്നും കൂടാതെ എങ്ങന്യാ എന്‍റെ കുട്ട്യേ " എന്ന മട്ട്.

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായി , കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് , ഉണ്ണി ഏട്ട കടന്നു പോയി. ഞങ്ങള്‍ കരക്കാരെ സംബന്ധിച്ചിടത്തോളം , ഉണ്ണി ഏട്ടക്ക്‌ പകരം നില്ക്കാന്‍ ഇന്നും മറ്റൊരാളില്ല.