2009, ഫെബ്രുവരി 28, ശനിയാഴ്‌ച

അച്ചു ഭയങ്കര്‍ ഹമരാ അച്ചു ഭയങ്കര്‍ !!!!!

അഹോ ഭയങ്കരം തന്നെ. ബില്ലു ബാര്‍ബര്‍ എന്ന ഹിന്ദി സിനിമ കണ്ടവര്‍ക്കെല്ലാം ഓര്‍മ വരുന്ന ഗാനമാണ് ബില്ലു ഭയങ്കര്‍ ഹമരാ ബില്ലു ഭയങ്കര്‍ എന്നത്.
ആ ഗാനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഇപ്പോള്‍ നമ്മുടെ അച്ചുമ്മാന്‍ വീണ്ടും ഒരു ഗോള്‍ അടിച്ചു സമനില വീണ്ടെടുത്തിരിക്കുന്നു. എന്തൊരു മനോഹരമായ ഗോള്‍ .
സമുദ്രം , കുട്ടി, ബക്കറ്റ്, തിര , മാര്‍ തട്ട് , എന്തെല്ലാം ബഹളങ്ങളായിരുന്നു.
ദിവസങ്ങളോളം ചാനെലുകള്‍ക്ക് ഉത്സവകാലം.

‍ഇതാ ഇന്ന് അച്ചുമ്നെവ് തിരിച്ചൊരു പാര കൊടുത്തിരിക്കുന്നു.
ഗോര്‍ബച്ചേവ് , വറ്റും സമുദ്രം, അഴിമതി , അര്‍ദ്ധ രാത്രിയിലെ സൂര്യന്‍ , എന്‍റെ അമ്മേ , എനിക്ക് വയ്യ.

അങ്ങനെ അച്ചുമ്നെവും വിജയചേവും നയിക്കുന്ന ടീമുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ ഇതുവരെ രണ്ടു പേരും ഓരോ ഗോള്‍ വീതം അടിച്ചു സമനില നേടിയിരിക്കുകയാണ്. ഇനിയും കഥ അല്ല കളി തുടരും.

ഇപ്പോള്‍ സമനില തെറ്റിയിരിക്കുന്നത് പൊതുജനം എന്ന ഓമന പേരില്‍ അറിയപ്പെടുന്ന നാം കഴുതകള്‍ക്ക് മാത്രം.

വാല്‍ കഷണം :ഇപ്പോള്‍ കേരളത്തില്‍ യാത്രകളുടെ കാലമാണല്ലോ. നവകേരളം, നവസന്ദേശം, കേരള രക്ഷ എന്നിങ്ങനെ. ഇനി ഇതില്‍ നിന്നും എല്ലാം രക്ഷ നേടാനായി ജനം ഓടി രക്ഷ പെടെണ്ട സ്ഥിതി സംജാതമായിരിക്കുന്നു. അവസാനം ഇതെല്ലം കൂടി കേരളത്തിന്‍റെ അന്ത്യ യാത്രയാകുമോ ?!!!




























































2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

അച്ഛന്‍റെ ഫിലിപ്സ് സ്കിപ്പെര്‍ റേഡിയോ

" അച്ഛാ, അച്ഛന്‍ എത്രാം ക്ലാസ്സില്‍ പഠിക്കുമ്പോഴാ മൊബൈല്‍ഫോണ്‍ കിട്ടിയത് ?" ഇളയ മകന്‍ ചോദിക്കുന്നു. ഞാനും ഭാര്യയും ചിരിച്ചതിനു കൈയും കണക്കുമില്ല.

ഈ ചോദ്യം എന്നെ ബാല്യകാലത്തിലേക്ക് അല്പം പിടിച്ചു വലിച്ചു കൊണ്ടുപോവുക തന്നെ ചെയ്തു.

ഞാന്‍ അഞ്ചാം ക്ലാസിലും അനിയന്‍ ഒന്നിലും പഠിയ്ക്കുന്ന സമയം.
എല്ലാ വീടുകളിലും റേഡിയോ ആണ് ഒരു ലക്ശ്വരി അന്നത്തെ കാലത്ത്-ഇപ്പോഴത്തെ ടി .വി യും കേബിള്‍ ചാനെലുകളും പോലെ.പല ബ്രാണ്ടുകളും വളരെ കേമം എന്ന് പേരു കേട്ടവ. ഫിലിപ്സ്, മര്‍ഫി, നെല്കോ എന്നിങ്ങനെ."സ്ത്രീധനമൊന്നും വേണ്ടേ വേണ്ട ,വേണ്ടത് നെല്കോ താപി."- എന്നൊരു പ്രസിദ്ധമായ പരസ്യവാചകം അക്കാലത്തു എന്നും കാണപ്പെട്ടിരുന്നു.ഞങ്ങളുടെ വീട്ടില്‍ റേഡിയോ ഇല്ല. അച്ഛനും അമ്മയും ഗവേര്‍മെന്റ്റ് ജോലിക്കാരായിരുന്നതുകൊണ്ട് വേണമെന്കില്‍ ഒരെണ്ണം വാങ്ങാവുന്നതെയുള്ളൂ. പക്ഷെ, അച്ഛന് താല്പര്യമില്ല.
ഇതൊന്നും ആവശ്യമില്ല എന്നതാണ് പ്രഖ്യാപിത ലൈന്‍.അമ്മയുടെ മുറുമുറുപ്പ് മുറുകിയാലും നിലപാടില്‍ മാറ്റമില്ല. "ഗാന്ധിയന്‍ ഡഫിയന്‍സ് , ഡിഗ്നിഫ്യെഡ് സൈലെന്‍സ്."

കുട്ടിക്കൂറ പൌഡര്‍ - ലൈഫ് ബോയ് സോപ്പ്- സില്‍വര്‍ പ്രിന്‍സ് ബ്ലേഡ്-ഗോദ്രെജ് റൌണ്ട് ശേവിന്ഗ് സോപ്പ്-ബാറ്റയുടെ നാല്പ്പതൊമ്പതു രൂപ തൊണ്ണൂറു പൈസയുടെ ലെതര്‍ ചെരുപ്പ്- അലക്കുകാരന്‍ പൊന്നന്‍ കഞ്ഞിമുക്കി തേച്ചു കൊണ്ടുവരുന്ന വെളുത്ത മുണ്ടും ഷര്‍ട്ടും- ഇത്രയുമാണ് അച്ഛന്‍റെ അവശ്യവസ്തുക്കള്‍.ബാക്കിയുള്ളതെല്ലാം അനാവശ്യമാണ് എന്നാണ് അച്ഛന്‍റെ പക്ഷം.മാതൃഭൂമി പത്രവും ഉള്‍പ്പെടും ഇവയില്‍- അത് പറയാന്‍ വിട്ടു.

അമ്മയുടെ പരാതികള്‍ വനരോദനങ്ങളായി പരിണമിച്ചു. ചലച്ചിത്രഗാനങ്ങള്‍, ശബ്ദരേഖ ,നാടകം എന്നിവയായിരുന്നു അമ്മയ്ക്ക് വേണ്ടത്.പക്ഷെ റേഡിയോ ഒരു അവശ്യ സാധനമല്ല എന്ന വാദത്തില്‍ അച്ഛന്‍ ഉറച്ചു നിന്നു.ഒരു താലിബാന്‍ ലൈന്‍. ഇതു പില്‍കാലത്ത് ഏതാണ്ടെല്ലാ കാര്യങ്ങളിലും തുടരുകയും ചെയ്തു.

ഫാന്‍ , മിക്സി , ടി.വി,ഫ്രിഡ്ജ്‌ എല്ലാ കാര്യങ്ങളും ഒരു ഏറ്റുമുട്ടലില്‍ കലാശിക്കാതെ തീരുമാനമായ ചരിത്രമില്ല എന്നത് തീര്‍ത്തും തര്‍ക്കമറ്റ വസ്തുതയാണ്. ഫാന്‍ ഉപയോഗിക്കുന്നതിന് പകരം,ജനല്‍ തുറന്നിട്ടാല്‍ മതി.മിക്സിക്ക് പകരം അരകല്ല് ധാരാളം എന്നിങ്ങനെയായിരുന്നു വാദഗതികള്‍.ഫ്രിഡ്ജ്‌ എന്നാല്‍ എച്ചില്‍ പെട്ടി എന്നാണ് അച്ഛന്‍റെ നിര്‍വചനം.
വളരെ കാലത്തേ തര്‍ക്കങ്ങള്‍ക്ക് ശേഷം ,ഞങ്ങള്‍ മക്കള്‍ പ്രായപൂര്‍ത്തിയായ ശേഷം , ചില കാര്യങ്ങളില്‍ നീക്കുപോക്കുകള്‍ ഉണ്ടായി എന്നതും പ്രസ്താവ്യമാണ്.

കാട് കയറാതെ ഞാന്‍ വിഷയത്തിലേക്ക് തിരികെ വരട്ടെ.അങ്ങനെ സര്‍വ പ്രതീക്ഷയും അസ്തമിച്ചിരിക്കുംപോഴാണ്, അതാ വരുന്നു, ദൈവത്തിന്‍റെ രൂപത്തില്‍ ആര്‍ ആന്‍ഡ് ഇ സിന്‍ഡിക്കേറ്റ്‌ , തലശ്ശേരിയും ഹയര്‍ പര്‍ചെസ് ആനുകൂല്യങ്ങളും.അച്ഛന്‍റെ അടുത്ത നാലു സഹപ്രവര്‍ത്തകരാണ് ഈ ആശയം മുന്നോട്ടു വച്ചത്.

റേഡിയോയുടെ ഗുണഗണങ്ങളും അതിന്‍റെ കാലിക പ്രസക്തിയും അവര്‍ അച്ഛനെ ബോധ്യപ്പെടുത്തി. അതായത് ,കുട്ടികള്‍ക്ക് വിജ്ഞാന വര്‍ധനവിന് വാര്‍ത്തകള്‍ കേള്‍ക്കാം,സ്വഭാവ രൂപീകരണത്തിന് ഇന്നത്തെ ചിന്താവിഷയവും ഗാന്ധി മാര്‍ഗവും സുഭാഷിതവും കേള്‍ക്കാം.ചലച്ചിത്രഗാനം,നാടകം, ശബ്ദരേഖ തുടങ്ങിയ അനാവശ്യ പരിപാടികള്‍ കൂടാതെ , ഇത്തരം മനോഹരങ്ങളായ പല സംഗതികളും റേഡിയോയില്‍ ഉണ്ട് എന്ന് അവര്‍ അച്ഛനെ പറഞ്ഞു മനസ്സിലാക്കി.


അഞ്ചു പേരും നേരെ തലശ്ശേരിക്ക് വണ്ടി കയറി. നൂറു മീറ്റര്‍ ഓട്ടം ജയിച്ച കുട്ടിയെപ്പോലെ സ്കിപ്പെര്‍ റേഡിയോ കൈയിലേന്തി അച്ഛന്‍ വെളുപ്പിനെ വന്നത് എനിക്ക് ഓര്‍മയുണ്ട്.രാത്രി മുഴുവന്‍ യാത്ര ചെയ്താണ് അച്ഛനും കൂട്ടുകാരും തലശ്ശേരിയില്‍ നിന്നു പാലക്കാട്ടെത്ത്തിയത്.
അന്നത്തെ വിലയ്ക്ക് തൊള്ളായിരം രൂപ വില വരുന്ന ഫിലിപ്സ് സ്കിപ്പെര്‍ അഞ്ചു ബാന്‍ഡ് റേഡിയോ. മീഡിയം വേവും നാല് ഷോര്‍ട്ട് വേവ് ബാന്ടുകളും. അഞ്ചു ഇന്‍സ്ടാല്മെന്റ്റ് ആയി വില അടച്ചു തീര്‍ക്കണം.അച്ഛന്‍റെ കൂട്ടുകാരില്‍ ഭാസ്കരന്‍ മാഷ് ഈ മോഡല്‍ തന്നെ വാങ്ങി. മറ്റു മൂന്നു പേര്‍ വേറെ മോഡല്‍കളും.സ്കിപ്പെറിനു വേണ്ടി ഒരു ലെതര്‍ കവറും അച്ഛന്‍ വാങ്ങിയിരുന്നു.

ആദ്യത്തെ ദിവസം,റേഡിയോ വച്ച്, ആഹ്ലാദത്തോടെ ,ആരും അതിന്‍റെ അടുത്ത് നിന്നു മാറിയില്ല. ബാന്‍ഡ് മാറ്റുംപോഴുള്ള ക്ലിക്ക് ശബ്ദം,സ്റ്റേഷന്‍ ട്യുന്‍ ചെയ്യുമ്പോഴുള്ള പൊട്ടലും ചീറ്റലും,എല്ലാം ഞങ്ങള്‍ക്ക് കാതിന് അമൃതമായി. സ്കിപ്പെര്‍ വീട്ടിലെ ഒരു വി. ഐ .പി ആയി മാറി.

അച്ഛന്‍ വളരെ ശ്രദ്ധാപൂര്‍വ്വം അതിനെ പരിചരിച്ചു. അല്പമെങ്കിലും പൊടി പുരണ്ടാല്‍ തോര്‍ത്ത്‌ വച്ച് തുടച്ചു മിനുക്കും. ആഴ്ചയില്‍ ഒരിക്കല്‍ ലെതര്‍ കവര്‍ അഴിച്ചുമാറ്റി മൊത്തം തുടച്ചു വൃത്തിയാക്കും. ബാറ്ററി കമ്പാര്‍ട്ട്മെന്‍റ് അഴിച്ച്( അതിന്‍റെ സ്ക്രൂ അഴിക്കാന്‍ ഒരു ഇരുപത്തഞ്ചു പൈസ നാണയമാണ് ഉപയോഗിച്ചിരുന്നത്.) അഞ്ചു സെല്ലും ഊരി തുടച്ച് വീണ്ടും ഇടും. ലീക്ക് പ്രൂഫ് നോവിനോ ബാറ്ററി മാത്രമെ ഉപയോഗിക്കൂ , അങ്ങനെ പോകുന്നു , മൈന്ടനന്‍സ് ഷെഡ്യൂള്‍ .

റേഡിയോ വന്നതോടെ ,ജീവിതം ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ് മാറി കളര്‍ ആയിത്തീരും എന്ന് കരുതിയ ഞങ്ങളുടെ പ്രതീക്ഷ , പ്രത്യേകിച്ചും അമ്മയുടെ പ്രതീക്ഷ അസ്ഥാനത്തായി. സ്കിപ്പെര്‍ പൂര്‍ണമായും അച്ഛന്‍റെ കസ്റ്റെടിയിലായി.

രാവിലെ ആറ് മണിക്ക് സുഭാഷിതം. ആറെമുക്കാലിന് പ്രാദേശിക വാര്‍ത്തകള്‍ (വായിക്കുന്നത് രാമചന്ദ്രന്‍ അല്ലെങ്കില്‍ പ്രതാപന്‍ ). ഏഴ് മണിക്ക് സംസ്കൃതം വാര്‍ത്ത( സമ്പ്രതി വാര്‍ത്തആഹ് ശ്രൂയന്താം പ്രവാചക ,ബലദേവാനന്ദ സാഗരഹ !).ഏഴേകാലിന് ഗാന്ധിമാര്‍ഗം. ഏഴരയ്ക്ക് ഡല്‍ഹിയില്‍നിന്നുള്ള മലയാളം വാര്‍ത്തകള്‍ (വായിക്കുന്നത് ഗോപന്‍ അല്ലെങ്കില്‍ വെണ്മണി വിഷ്ണു ). അതോടെ റേഡിയോ ഓഫ്.അച്ഛനമ്മമാര്‍ ജോലിക്കും ഞങ്ങള്‍ മക്കള്‍ സ്കൂളിലേക്കും.

വൈകിട്ട് ആറെകാലിന് വീണ്ടും പ്രാദേശിക വാര്‍ത്ത; രാമചന്ദ്രനും പ്രതാപനും കടന്നുവരുന്നു. ഏഴരയ്ക്ക് ഗോപനോ വെണ്മണി വിഷ്ണുവോ പിന്നെയും വന്നു ചേരുന്നു. വീണ്ടും റേഡിയോ ഓഫ്.

എട്ടു മണിക്ക് ചലച്ചിത്രഗാനം,ഒമ്പതരയ്ക്ക് നാടകം , ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ചലച്ചിത്ര ശബ്ദരേഖ , ഇതെല്ലം റേഡിയോയുടെ മൌന വ്രതത്തില്‍ മുങ്ങി.

ഈ സ്കിപ്പെര്‍ റേഡിയോയില്‍ ഞങ്ങള്‍ 1975 ലെ അടിയന്തിരാവസ്ഥ പ്രഖ്യാപനം കേട്ടു;1977 ഇല്‍ അത്
പിന്‍വലിച്ചതു കേട്ടു.തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ്‌ ഗാന്ധിയും തോറ്റതും പിന്നീട് 1980 ഇല്‍ ജയിച്ചു എന്നതും കേട്ടു.തികഞ്ഞ ഗാന്ധിയനും, കോണ്‍ഗ്രസ് അനുഭാവിയുമായ അച്ഛന്‍ ഇന്ദിരാഗാന്ധി തോറ്റ വാര്‍ത്ത കേട്ട് വിതുമ്പിയത് എന്‍റെ ഓര്‍മയിലുണ്ട്.

വീട്ടില്‍ ടി.വി. വാങ്ങുന്നത് 1990 ഇല്‍ എനിക്ക് ജോലി കിട്ടിയതിനുശേഷമാണ്‌.ടി. വി. യോട് അലര്‍ജി ആയിരുന്നു അച്ഛന്. അപ്പോഴും സ്കിപ്പെര്‍ അച്ഛന്‍റെ സന്തത സഹ ചാരിയായി തുടര്‍ന്നു.
ഏകദേശം മുപ്പതു വര്‍ഷത്തോളം അവിരാമം അച്ഛനുവേണ്ടി സേവനമനുഷ്ടിച്ച ഞങ്ങളുടെ ഫിലിപ്സ് സ്കിപ്പെര്‍ റേഡിയോ 2005 ഇല്‍ ബിയോണ്ട് റിപ്പയര്‍ ആയി പ്രഖ്യാപിക്കപ്പെട്ട് അടുത്തൂണ്‍ പറ്റി.

പിന്നീട് എങ്ങനെയോ പതുക്കെ പതുക്കെ , അച്ഛന്‍ ടി. വി യുടെ ആരാധകനായി മാറി. അച്ഛന്‍റെ റിട്ടയര്‍മെന്റിനു ശേഷമുണ്ടായ അദ്ഭുതകരമായ പരിണാമം.ഞങ്ങള്‍ക്ക് റേഡിയോ യിലെ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്നതിനുപോലും വിലക്കെര്‍പ്പെടുതിതിയിരുന്ന അച്ഛന്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇന്ടെയും ശ്രീ ഗുരുവായൂരപ്പന്‍റെയും ആദി പരാശക്തിയുടെയും മറ്റും മുടങ്ങാത്ത പ്രേക്ഷകനാണ് ഇന്ന്;
ദീദി, ചിരിക്കുട്ടന്‍, ശരത്( സംഗതി ) സര്‍ , ഇവരെല്ലാം സുപരിചിതര്‍. ആരൊക്കെ "ഇന്‍ " ആരൊക്കെ "ഔട്ട്" , എന്നെല്ലാം എഴുതി സൂക്ഷിക്കുന്നു എന്ന് പോലും അമ്മ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ഫോണില്‍ പറഞ്ഞു.

റേഡിയോ ,ഇപ്പോഴും അച്ഛന്‍റെ കൂടെയുണ്ട്. രാവിലെ സുഭാഷിതവും , പ്രാദേശിക വാര്‍ത്തയും എല്ലാം പതിവുപോലെ തന്നെ. പ്രായാധിക്യം മൂലം റിട്ടയര്‍ ചെയ്ത സ്കിപ്പെറിനു പകരം ഞാന്‍ വാങ്ങി നല്കിയ വേറൊരു റേഡിയോ ആണ് ഉപയോഗിക്കുന്നത് എന്ന് മാത്രം.

പക്ഷെ ,സ്കിപ്പെര്‍ , അച്ഛന്‍ ഇപ്പോഴും വീട്ടിലെവിടെയോ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഓര്‍മ്മയ്ക്കായി.