2009 മാർച്ച് 1, ഞായറാഴ്‌ച
ഉണ്ണിഏട്ടയുടെ ദശാവതാരങ്ങള്‍
വിവിധ കാര്യങ്ങളിലുള്ള ആസൂത്രണ പാടവവും , അറുപതാം വയസ്സിലും വറ്റാത്ത ഊര്‍ജസ്വലതയും -ഇതാണ് ഞങ്ങളുടെ അയലത്തെ ഉണ്ണി ഏട്ടയെ വ്യത്യസ്തനാക്കിയിരുന്നത്.
കരയോഗം അധ്യക്ഷന്‍ മുതല്‍ ,കല്യാണം, മരണം ,സദ്യ ഒരുക്കല്‍ , ചിട്ടി നടത്തല്‍, കാലിക്കച്ചവടം ബ്രോക്കര്‍ ,കല്യാണ ബ്രോക്കര്‍, ബൂത്ത് ഇലെക്ഷന്‍ കമ്മിറ്റി ,അമ്പല ഉല്‍സവ കമ്മിറ്റി , ശബരിമല ഗുരുസ്വാമി , അയ്യപ്പന്‍ പാട്ട് - എവിടെയും ഉണ്ണി ഏട്ടയുടെ സജീവ സാന്നിധ്യം നിറഞ്ഞു നിന്നു.
കര്‍ക്കടക മാസത്തില്‍ മഴ കനക്കുമ്പോള്‍ , വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായ വൃദ്ധജനങ്ങള്‍ മരണം കാത്ത് ആസന്ന നിലയില്‍ ആകുന്നത് ഞങ്ങളുടെ കുട്ടിക്കാലത്ത് സര്‍വ സാധാരണമായിരുന്നു.
"ഉണ്ണീഷ്ണന്‍ വന്നോട്ടെ. സംഗതി തീരാറായി എന്ന് തോന്നണു." - എന്ന് തലമുതിര്‍ന്ന ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ ഉണ്ണി ഏട്ടയെ വിളിപ്പിക്കുകയായി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്തിപ്പെട്ടാല്‍ പിന്നെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കുന്നത് ഉണ്ണിഏട്ട ആയിരിക്കും.
ബന്ധുക്കള്‍ക്ക് ആളയക്കുക, ഡോക്ടറെ വിളിപ്പിക്കുക , കാറില്‍ വന്നിറങ്ങുന്ന ഡോക്ടറുടെ കൈയില്‍ നിന്നു പെട്ടി വാങ്ങി മുന്‍പേ നടക്കുക , ഇത്യാദി.
പരിശോധന കഴിഞ്ഞ് ഇറങ്ങി വരുന്ന ഡോക്ടറുടെ മുഖം വായിച്ച്ചെടുക്കുന്നതും ഉണ്ണി ഏട്ട തന്നെ.
രക്ഷയില്ല , എന്ന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി , ഡോക്ടര്‍ കാറില്‍ കേറി പോകുന്നതോടെ , കാര്യങ്ങളുടെ മുഴുവന്‍ നിയന്ത്രണവും ഉണ്ണി ഏട്ട ഏറ്റെടുക്കുന്നു.
മുരളീ , വേണൂ, മാധവാ , ശങ്കരാ, അപ്പേ , ചന്ദ്രാ എന്നിങ്ങനെ അനുയായികള്‍ക്ക് ഓരോരുത്തര്‍ക്കും , ചുമതലകള്‍ വീതിച്ചു നല്‍കി , നിര്‍ദേശങ്ങളും, ശാസനകളും , ശകാര വാക്കുകളുമായി അരങ്ങു നിറഞ്ഞ് അദ്ദേഹം ഓടി നടക്കും. ഇടക്ക് അകത്തേക്ക് വന്ന് രോഗിയുടെ നാഡിമിടിപ്പ് നോക്കും.
"വെള്ളം കൊടുക്കാന്‍ ഉള്ളവരൊക്കെ വേഗം കൊടുത്തോളൂ , ഇനി അധികം നേരല്യ."
അതോടെ, "വെള്ളം കൊടുത്ത്" "പുണ്യം നേടാന്‍ " , ബന്ധുമിത്രാദികള്‍ തിരക്കുകൂട്ടുകയായി. ആരോഗ്യമുള്ള കാലത്ത് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്നവര്‍ പോലും, "പുണ്യത്തിനായി" തിരക്ക് പിടിക്കുന്നത് കാണാം.
മരിച്ചു കഴിഞ്ഞാല്‍ , പരേതന്ടെ മിഴി തിരുമ്മി അടക്കുക, കാല്‍ രണ്ടും അകന്നു പോകാതെ തോര്‍ത്ത് കൊണ്ട് ബന്ധിക്കുക, നെറ്റിയില്‍ ഭസ്മം പൂശുക ,കട്ടിലില്‍ നിന്ന് നിലത്ത് ഇറക്കി കിടത്തുക, തലക്കല്‍ നിലവിളക്ക് കൊളുത്തി വക്കുക, നാളികേരം ഉടച്ച്, അതില്‍ തിരി കത്തിക്കുക, രാമായണം വായിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്യുക, ഇതെല്ലാം , അനുയായികളുടെ സഹായത്തോടെ, ഉണ്ണി ഏട്ട താമസമെന്യെ നിര്‍വഹിച്ചു കഴിഞ്ഞിരിക്കും.
തുടര്‍ന്ന്, മുറ്റത്ത് ടാര്‍പോളിന്‍ പന്തല്‍ , പ്ലാസ്റ്റിക് കസേരകള്‍, രാത്രിയിലാണ് മരണം എങ്കില്‍ , കരെന്റ്റ് പോയാല്‍ മുന്‍ കരുതലിനായി പെട്രോ മാക്സ് വിളക്കുകള്‍ എന്നിവ ഏര്‍പ്പാട് ചെയ്യുകയായി.
മൃതദേഹം പൊതിയാനുള്ള ചുവന്ന പട്ട്, കോടി തുണി , ശ്മശാനത്തിലേക്ക് കൊണ്ടുപോകാനുള്ള വിറക്, മറ്റു സാധനങ്ങള്‍ ,ഇവയുടെ ശേഖരണം ആണ് അടുത്ത പടി.
രാത്രിയിലാണ് എങ്കില്‍ , തുണിക്കട തുറപ്പിച്ച്, ഈവക സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്ന സന്ദര്‍ഭങ്ങളും പല തവണ ഉണ്ടായിട്ടുണ്ട്. " മാധവാ, ഗോപാലന്‍റെ കട തുറപ്പിച്ച് , നമുക്ക് സാധനം വേണം "- എന്ന ആന്ജ്ഞ ശിരസാ വഹിച്ച് മാധവേട്ടന്‍ , സൈക്കിളില്‍ , ഗോപാലന്‍റെ വീട് ലക്‌ഷ്യം വച്ച് പായുന്നു.
ഗോപാലനെ അര്‍ദ്ധ രാത്രിക്ക് ഉണര്‍ത്തി , സൈക്കിളില്‍ ഡബിള്‍ ഇരുത്തി ചവിട്ടി , കടയിലെത്തിച്ചു തുണി വാങ്ങി തിരികെ വന്നില്ലെന്കില്‍ , ഉണ്ണി ഏട്ടയുടെ ശകാരം ഉറപ്പ്.
ഇതിനിടയില്‍ , മരണ വീട്ടില്‍ വരുന്ന വി ഐ പി കളെ ( സ്ഥലം വാര്‍ഡ് കൌന്‍സിലര്‍ , മുനിസിപ്പല്‍ ചെയര്‍മാന്‍ , എം .എല്‍ .എ ), സ്വീകരിക്കല്‍, ചായ ഏര്‍പ്പാടാക്കല്‍, ഇതെല്ലാം ഉണ്ണി ഏട്ടയുടെ നേതൃത്വത്തില്‍ നടന്നിരിക്കും.
ശവദാഹം കഴിഞ്ഞ് തിരികെ വരുന്നവര്‍ക്ക് ചെറിയ ഒരു ലഘു ഭക്ഷണവും ചായയും റെഡി. "ദുഖം" തീര്‍ക്കെണ്ടവര്‍ക്ക്, സ്ഥലം ഷാപ്പില്‍ നിന്നുള്ള " ദാഹ ജലവും" ഒരു വശത്ത് ഗോപ്യമായി ഉണ്ടാകും.
മരണാനന്തര ചടങ്ങുകള്‍ തീരുമാനിക്കല്‍ , സഞ്ചയനം, അടിയന്തിരം , ബലിയിടല്‍ -- എല്ലാ കാര്യങ്ങളിലും അവസാന വാക്കായിരുന്നു ഉണ്ണി ഏട്ട.
കല്യാണ വീടുകളിലും , സമാനമായ , ഒരു ടോട്ടല്‍ ഇന്ടെര്‍ വെന്ശണേല്‍ ഓപ്പറേഷന്‍ ആകും നടക്കുക. സദ്യക്ക് പാലട മാത്രം മതിയോ , അതോ ഗോതമ്പ് പായസവും വേണോ , എന്നീ കാര്യങ്ങള്‍ മുതല്‍, നാഗസ്വരം , പൂമാല , , ബസ് , കാര്‍ ബുക്ക് ചെയ്യല്‍ , ഇതെല്ലാം ഉണ്ണി ഏട്ടയുടെ മേല്‍നോട്ടമില്ലാതെ നടക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.ഗൃഹനാഥന്റെ അഭിപ്രായങ്ങള്‍ പോലും വീറ്റോ ചെയ്യപ്പെട്ട സാഹചര്യങ്ങള്‍ വിരളമല്ല.
കരക്കാരുടെ സ്വയം പ്രഖ്യാപിത സൈന്യാധിപനായിരുന്ന ( self styled general) ഉണ്ണി ഏട്ടയുടെ നേതൃത്വത്തിലുള്ള ഒരു കംപ്ലിറ്റ് ഹൈ ജാക്ക് ആയിരുന്നു അക്കാലത്ത് ഞങ്ങളുടെയെല്ലാം വീടുകളിലുള്ള വിശേഷാവസരങ്ങളെല്ലാം.
പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഉണ്ണി ഏട്ടയുടെ നേതൃ പാടവം , എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്,പലപ്പോഴും. കാര്യങ്ങള്‍ ഡെലിഗേറ്റ് ചെയ്യുന്ന രീതിയും , ഓര്‍ഗനൈസിംഗ് കഴിവും അപാരമായിരുന്നു ഇദ്ദേഹത്തിന്.
എല്ലാവരും , തന്നെ നേതാവായി അംഗീകരിച്ചില്ലെങ്കില്‍ കുട്ടികളെപ്പോലെ പിണങ്ങുകയും വഴക്ക് കൂടുകയും ചെയ്യുമായിരുന്നു ഉണ്ണി ഏട്ട.
കാജാ ബീഡി , പട്ടണം പൊടി, പുകയില കൂട്ടിയുള്ള മുറുക്ക് , മുതല്‍ അസാരം മദ്യപാനതിന്ടെ അസ്കിത വരെ ഉണ്ണി ഏട്ടക്ക് ഉണ്ടായിരുന്നു. " ഇതൊന്നും കൂടാതെ എങ്ങന്യാ എന്‍റെ കുട്ട്യേ " എന്ന മട്ട്.
വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായി , കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് , ഉണ്ണി ഏട്ട കടന്നു പോയി. ഞങ്ങള്‍ കരക്കാരെ സംബന്ധിച്ചിടത്തോളം , ഉണ്ണി ഏട്ടക്ക് പകരം നില്ക്കാന്‍ ഇന്നും മറ്റൊരാളില്ല.
2009 ഫെബ്രുവരി 2, തിങ്കളാഴ്‌ച
അച്ഛന്‍റെ ഫിലിപ്സ് സ്കിപ്പെര്‍ റേഡിയോ
ഈ ചോദ്യം എന്നെ ബാല്യകാലത്തിലേക്ക് അല്പം പിടിച്ചു വലിച്ചു കൊണ്ടുപോവുക തന്നെ ചെയ്തു.
ഞാന്‍ അഞ്ചാം ക്ലാസിലും അനിയന്‍ ഒന്നിലും പഠിയ്ക്കുന്ന സമയം.
എല്ലാ വീടുകളിലും റേഡിയോ ആണ് ഒരു ലക്ശ്വരി അന്നത്തെ കാലത്ത്-ഇപ്പോഴത്തെ ടി .വി യും കേബിള്‍ ചാനെലുകളും പോലെ.പല ബ്രാണ്ടുകളും വളരെ കേമം എന്ന് പേരു കേട്ടവ. ഫിലിപ്സ്, മര്‍ഫി, നെല്കോ എന്നിങ്ങനെ."സ്ത്രീധനമൊന്നും വേണ്ടേ വേണ്ട ,വേണ്ടത് നെല്കോ താപി."- എന്നൊരു പ്രസിദ്ധമായ പരസ്യവാചകം അക്കാലത്തു എന്നും കാണപ്പെട്ടിരുന്നു.ഞങ്ങളുടെ വീട്ടില്‍ റേഡിയോ ഇല്ല. അച്ഛനും അമ്മയും ഗവേര്‍മെന്റ്റ് ജോലിക്കാരായിരുന്നതുകൊണ്ട് വേണമെന്കില്‍ ഒരെണ്ണം വാങ്ങാവുന്നതെയുള്ളൂ. പക്ഷെ, അച്ഛന് താല്പര്യമില്ല.
ഇതൊന്നും ആവശ്യമില്ല എന്നതാണ് പ്രഖ്യാപിത ലൈന്‍.അമ്മയുടെ മുറുമുറുപ്പ് മുറുകിയാലും നിലപാടില്‍ മാറ്റമില്ല. "ഗാന്ധിയന്‍ ഡഫിയന്‍സ് , ഡിഗ്നിഫ്യെഡ് സൈലെന്‍സ്."
കുട്ടിക്കൂറ പൌഡര്‍ - ലൈഫ് ബോയ് സോപ്പ്- സില്‍വര്‍ പ്രിന്‍സ് ബ്ലേഡ്-ഗോദ്രെജ് റൌണ്ട് ശേവിന്ഗ് സോപ്പ്-ബാറ്റയുടെ നാല്പ്പതൊമ്പതു രൂപ തൊണ്ണൂറു പൈസയുടെ ലെതര്‍ ചെരുപ്പ്- അലക്കുകാരന്‍ പൊന്നന്‍ കഞ്ഞിമുക്കി തേച്ചു കൊണ്ടുവരുന്ന വെളുത്ത മുണ്ടും ഷര്‍ട്ടും- ഇത്രയുമാണ് അച്ഛന്‍റെ അവശ്യവസ്തുക്കള്‍.ബാക്കിയുള്ളതെല്ലാം അനാവശ്യമാണ് എന്നാണ് അച്ഛന്‍റെ പക്ഷം.മാതൃഭൂമി പത്രവും ഉള്‍പ്പെടും ഇവയില്‍- അത് പറയാന്‍ വിട്ടു.
അമ്മയുടെ പരാതികള്‍ വനരോദനങ്ങളായി പരിണമിച്ചു. ചലച്ചിത്രഗാനങ്ങള്‍, ശബ്ദരേഖ ,നാടകം എന്നിവയായിരുന്നു അമ്മയ്ക്ക് വേണ്ടത്.പക്ഷെ റേഡിയോ ഒരു അവശ്യ സാധനമല്ല എന്ന വാദത്തില്‍ അച്ഛന്‍ ഉറച്ചു നിന്നു.ഒരു താലിബാന്‍ ലൈന്‍. ഇതു പില്‍കാലത്ത് ഏതാണ്ടെല്ലാ കാര്യങ്ങളിലും തുടരുകയും ചെയ്തു.
ഫാന്‍ , മിക്സി , ടി.വി,ഫ്രിഡ്ജ് എല്ലാ കാര്യങ്ങളും ഒരു ഏറ്റുമുട്ടലില്‍ കലാശിക്കാതെ തീരുമാനമായ ചരിത്രമില്ല എന്നത് തീര്‍ത്തും തര്‍ക്കമറ്റ വസ്തുതയാണ്. ഫാന്‍ ഉപയോഗിക്കുന്നതിന് പകരം,ജനല്‍ തുറന്നിട്ടാല്‍ മതി.മിക്സിക്ക് പകരം അരകല്ല് ധാരാളം എന്നിങ്ങനെയായിരുന്നു വാദഗതികള്‍.ഫ്രിഡ്ജ് എന്നാല്‍ എച്ചില്‍ പെട്ടി എന്നാണ് അച്ഛന്‍റെ നിര്‍വചനം.
വളരെ കാലത്തേ തര്‍ക്കങ്ങള്‍ക്ക് ശേഷം ,ഞങ്ങള്‍ മക്കള്‍ പ്രായപൂര്‍ത്തിയായ ശേഷം , ചില കാര്യങ്ങളില്‍ നീക്കുപോക്കുകള്‍ ഉണ്ടായി എന്നതും പ്രസ്താവ്യമാണ്.
കാട് കയറാതെ ഞാന്‍ വിഷയത്തിലേക്ക് തിരികെ വരട്ടെ.അങ്ങനെ സര്‍വ പ്രതീക്ഷയും അസ്തമിച്ചിരിക്കുംപോഴാണ്, അതാ വരുന്നു, ദൈവത്തിന്‍റെ രൂപത്തില്‍ ആര്‍ ആന്‍ഡ് ഇ സിന്‍ഡിക്കേറ്റ് , തലശ്ശേരിയും ഹയര്‍ പര്‍ചെസ് ആനുകൂല്യങ്ങളും.അച്ഛന്‍റെ അടുത്ത നാലു സഹപ്രവര്‍ത്തകരാണ് ഈ ആശയം മുന്നോട്ടു വച്ചത്.
റേഡിയോയുടെ ഗുണഗണങ്ങളും അതിന്‍റെ കാലിക പ്രസക്തിയും അവര്‍ അച്ഛനെ ബോധ്യപ്പെടുത്തി. അതായത് ,കുട്ടികള്‍ക്ക് വിജ്ഞാന വര്‍ധനവിന് വാര്‍ത്തകള്‍ കേള്‍ക്കാം,സ്വഭാവ രൂപീകരണത്തിന് ഇന്നത്തെ ചിന്താവിഷയവും ഗാന്ധി മാര്‍ഗവും സുഭാഷിതവും കേള്‍ക്കാം.ചലച്ചിത്രഗാനം,നാടകം, ശബ്ദരേഖ തുടങ്ങിയ അനാവശ്യ പരിപാടികള്‍ കൂടാതെ , ഇത്തരം മനോഹരങ്ങളായ പല സംഗതികളും റേഡിയോയില്‍ ഉണ്ട് എന്ന് അവര്‍ അച്ഛനെ പറഞ്ഞു മനസ്സിലാക്കി.
അഞ്ചു പേരും നേരെ തലശ്ശേരിക്ക് വണ്ടി കയറി. നൂറു മീറ്റര്‍ ഓട്ടം ജയിച്ച കുട്ടിയെപ്പോലെ സ്കിപ്പെര്‍ റേഡിയോ കൈയിലേന്തി അച്ഛന്‍ വെളുപ്പിനെ വന്നത് എനിക്ക് ഓര്‍മയുണ്ട്.രാത്രി മുഴുവന്‍ യാത്ര ചെയ്താണ് അച്ഛനും കൂട്ടുകാരും തലശ്ശേരിയില്‍ നിന്നു പാലക്കാട്ടെത്ത്തിയത്.
അന്നത്തെ വിലയ്ക്ക് തൊള്ളായിരം രൂപ വില വരുന്ന ഫിലിപ്സ് സ്കിപ്പെര്‍ അഞ്ചു ബാന്‍ഡ് റേഡിയോ. മീഡിയം വേവും നാല് ഷോര്‍ട്ട് വേവ് ബാന്ടുകളും. അഞ്ചു ഇന്‍സ്ടാല്മെന്റ്റ് ആയി വില അടച്ചു തീര്‍ക്കണം.അച്ഛന്‍റെ കൂട്ടുകാരില്‍ ഭാസ്കരന്‍ മാഷ് ഈ മോഡല്‍ തന്നെ വാങ്ങി. മറ്റു മൂന്നു പേര്‍ വേറെ മോഡല്‍കളും.സ്കിപ്പെറിനു വേണ്ടി ഒരു ലെതര്‍ കവറും അച്ഛന്‍ വാങ്ങിയിരുന്നു.
ആദ്യത്തെ ദിവസം,റേഡിയോ വച്ച്, ആഹ്ലാദത്തോടെ ,ആരും അതിന്‍റെ അടുത്ത് നിന്നു മാറിയില്ല. ബാന്‍ഡ് മാറ്റുംപോഴുള്ള ക്ലിക്ക് ശബ്ദം,സ്റ്റേഷന്‍ ട്യുന്‍ ചെയ്യുമ്പോഴുള്ള പൊട്ടലും ചീറ്റലും,എല്ലാം ഞങ്ങള്‍ക്ക് കാതിന് അമൃതമായി. സ്കിപ്പെര്‍ വീട്ടിലെ ഒരു വി. ഐ .പി ആയി മാറി.
അച്ഛന്‍ വളരെ ശ്രദ്ധാപൂര്‍വ്വം അതിനെ പരിചരിച്ചു. അല്പമെങ്കിലും പൊടി പുരണ്ടാല്‍ തോര്‍ത്ത് വച്ച് തുടച്ചു മിനുക്കും. ആഴ്ചയില്‍ ഒരിക്കല്‍ ലെതര്‍ കവര്‍ അഴിച്ചുമാറ്റി മൊത്തം തുടച്ചു വൃത്തിയാക്കും. ബാറ്ററി കമ്പാര്‍ട്ട്മെന്‍റ് അഴിച്ച്( അതിന്‍റെ സ്ക്രൂ അഴിക്കാന്‍ ഒരു ഇരുപത്തഞ്ചു പൈസ നാണയമാണ് ഉപയോഗിച്ചിരുന്നത്.) അഞ്ചു സെല്ലും ഊരി തുടച്ച് വീണ്ടും ഇടും. ലീക്ക് പ്രൂഫ് നോവിനോ ബാറ്ററി മാത്രമെ ഉപയോഗിക്കൂ , അങ്ങനെ പോകുന്നു , മൈന്ടനന്‍സ് ഷെഡ്യൂള്‍ .
റേഡിയോ വന്നതോടെ ,ജീവിതം ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാറി കളര്‍ ആയിത്തീരും എന്ന് കരുതിയ ഞങ്ങളുടെ പ്രതീക്ഷ , പ്രത്യേകിച്ചും അമ്മയുടെ പ്രതീക്ഷ അസ്ഥാനത്തായി. സ്കിപ്പെര്‍ പൂര്‍ണമായും അച്ഛന്‍റെ കസ്റ്റെടിയിലായി.
രാവിലെ ആറ് മണിക്ക് സുഭാഷിതം. ആറെമുക്കാലിന് പ്രാദേശിക വാര്‍ത്തകള്‍ (വായിക്കുന്നത് രാമചന്ദ്രന്‍ അല്ലെങ്കില്‍ പ്രതാപന്‍ ). ഏഴ് മണിക്ക് സംസ്കൃതം വാര്‍ത്ത( സമ്പ്രതി വാര്‍ത്തആഹ് ശ്രൂയന്താം പ്രവാചക ,ബലദേവാനന്ദ സാഗരഹ !).ഏഴേകാലിന് ഗാന്ധിമാര്‍ഗം. ഏഴരയ്ക്ക് ഡല്‍ഹിയില്‍നിന്നുള്ള മലയാളം വാര്‍ത്തകള്‍ (വായിക്കുന്നത് ഗോപന്‍ അല്ലെങ്കില്‍ വെണ്മണി വിഷ്ണു ). അതോടെ റേഡിയോ ഓഫ്.അച്ഛനമ്മമാര്‍ ജോലിക്കും ഞങ്ങള്‍ മക്കള്‍ സ്കൂളിലേക്കും.
വൈകിട്ട് ആറെകാലിന് വീണ്ടും പ്രാദേശിക വാര്‍ത്ത; രാമചന്ദ്രനും പ്രതാപനും കടന്നുവരുന്നു. ഏഴരയ്ക്ക് ഗോപനോ വെണ്മണി വിഷ്ണുവോ പിന്നെയും വന്നു ചേരുന്നു. വീണ്ടും റേഡിയോ ഓഫ്.
എട്ടു മണിക്ക് ചലച്ചിത്രഗാനം,ഒമ്പതരയ്ക്ക് നാടകം , ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ചലച്ചിത്ര ശബ്ദരേഖ , ഇതെല്ലം റേഡിയോയുടെ മൌന വ്രതത്തില്‍ മുങ്ങി.
ഈ സ്കിപ്പെര്‍ റേഡിയോയില്‍ ഞങ്ങള്‍ 1975 ലെ അടിയന്തിരാവസ്ഥ പ്രഖ്യാപനം കേട്ടു;1977 ഇല്‍ അത്
പിന്‍വലിച്ചതു കേട്ടു.തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതും പിന്നീട് 1980 ഇല്‍ ജയിച്ചു എന്നതും കേട്ടു.തികഞ്ഞ ഗാന്ധിയനും, കോണ്‍ഗ്രസ് അനുഭാവിയുമായ അച്ഛന്‍ ഇന്ദിരാഗാന്ധി തോറ്റ വാര്‍ത്ത കേട്ട് വിതുമ്പിയത് എന്‍റെ ഓര്‍മയിലുണ്ട്.
വീട്ടില്‍ ടി.വി. വാങ്ങുന്നത് 1990 ഇല്‍ എനിക്ക് ജോലി കിട്ടിയതിനുശേഷമാണ്.ടി. വി. യോട് അലര്‍ജി ആയിരുന്നു അച്ഛന്. അപ്പോഴും സ്കിപ്പെര്‍ അച്ഛന്‍റെ സന്തത സഹ ചാരിയായി തുടര്‍ന്നു.
ഏകദേശം മുപ്പതു വര്‍ഷത്തോളം അവിരാമം അച്ഛനുവേണ്ടി സേവനമനുഷ്ടിച്ച ഞങ്ങളുടെ ഫിലിപ്സ് സ്കിപ്പെര്‍ റേഡിയോ 2005 ഇല്‍ ബിയോണ്ട് റിപ്പയര്‍ ആയി പ്രഖ്യാപിക്കപ്പെട്ട് അടുത്തൂണ്‍ പറ്റി.
പിന്നീട് എങ്ങനെയോ പതുക്കെ പതുക്കെ , അച്ഛന്‍ ടി. വി യുടെ ആരാധകനായി മാറി. അച്ഛന്‍റെ റിട്ടയര്‍മെന്റിനു ശേഷമുണ്ടായ അദ്ഭുതകരമായ പരിണാമം.ഞങ്ങള്‍ക്ക് റേഡിയോ യിലെ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്നതിനുപോലും വിലക്കെര്‍പ്പെടുതിതിയിരുന്ന അച്ഛന്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇന്ടെയും ശ്രീ ഗുരുവായൂരപ്പന്‍റെയും ആദി പരാശക്തിയുടെയും മറ്റും മുടങ്ങാത്ത പ്രേക്ഷകനാണ് ഇന്ന്;
ദീദി, ചിരിക്കുട്ടന്‍, ശരത്( സംഗതി ) സര്‍ , ഇവരെല്ലാം സുപരിചിതര്‍. ആരൊക്കെ "ഇന്‍ " ആരൊക്കെ "ഔട്ട്" , എന്നെല്ലാം എഴുതി സൂക്ഷിക്കുന്നു എന്ന് പോലും അമ്മ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ഫോണില്‍ പറഞ്ഞു.
റേഡിയോ ,ഇപ്പോഴും അച്ഛന്‍റെ കൂടെയുണ്ട്. രാവിലെ സുഭാഷിതവും , പ്രാദേശിക വാര്‍ത്തയും എല്ലാം പതിവുപോലെ തന്നെ. പ്രായാധിക്യം മൂലം റിട്ടയര്‍ ചെയ്ത സ്കിപ്പെറിനു പകരം ഞാന്‍ വാങ്ങി നല്കിയ വേറൊരു റേഡിയോ ആണ് ഉപയോഗിക്കുന്നത് എന്ന് മാത്രം.
പക്ഷെ ,സ്കിപ്പെര്‍ , അച്ഛന്‍ ഇപ്പോഴും വീട്ടിലെവിടെയോ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഓര്‍മ്മയ്ക്കായി.
2009 ജനുവരി 28, ബുധനാഴ്‌ച
വാരിയര്‍ മാഷ്
വാരിയര്‍ മാഷ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കുട്ടികള്‍ക്കേവര്‍ക്കും പ്രിയങ്കരനായിരുന്നു. ഒന്നു മുതല്‍ നാല് വരെ ക്ലാസ്സുകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.ഇപ്പോഴും അത്രയേ ഉള്ളൂ.
മുപ്പതഞ്ചിലേറെ വര്‍ഷങ്ങള്‍ പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ജി എല്‍ പി എസും വാരിയര്‍ മാഷും ചാമി മാഷും രാഘവന്‍ മാഷും ജയദേവന്‍ മാഷും കുഞ്ഞി പെണ്ണ് ടീച്ചറും ജാനകി അമ്മയും എല്ലാം ഓര്‍മകളില്‍ കൃത്യമായി തെളിയുന്നു.
തൊള്ളായിരത്തി എഴുപതിലാണ് ഞാന്‍ അവിടെ പഠിക്കാന്‍ ചേരുന്നത്. അന്ന് ഒന്നാം ക്ലാസിലെ പരീക്ഷ നേരിട്ടു എഴുതി രണ്ടാം ക്ലാസ്സില്‍ ചേരാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ രണ്ടാം ക്ലാസ്സില്‍ മാത്രമേ സ്കൂളില്‍ പോയി തുടങ്ങിയുള്ളൂ.ഒന്നാം പാഠവും സ്ലേറ്റും മറ്റും വച്ച് വീട്ടില്‍ അച്ഛന്‍റെ വക അധ്യനമായിരുന്നു ആദ്യം.
എന്‍റെ അച്ഛന്‍ തൊട്ടടുത്ത ഹൈ സ്കൂളിലെ അധ്യാപകനായിരുന്നതുകൊണ്ടും വാരിയര്‍ മാസ്റ്റര്‍ ഞങളുടെ അയല്പക്കക്കാരനായിരുന്നതുകൊണ്ടും എനിക്ക് പ്രത്യേക പരിഗണന കിട്ടി.എന്‍റെ എല്ലാ പിറന്നാളിനും മുടങ്ങാതെ ഒരു മൊന്ത പായസം വാരിയര്‍ മാസ്റ്ററുടെ വീട്ടില്‍ അമ്മ എത്തിക്കും. അതിനാല്‍ തന്നെ എന്‍റെ ജന്മനക്ഷത്രമായ വിശാഖം വാരിയര്‍ മാഷിന് തീര്‍ത്തും സുപരിചിതം. എപ്പോള്‍ വഴിയില്‍ കണ്ടാലും എന്താ വിശാഖം എന്നാണ് വിളിച്ചിരുന്നത്. സ്കൂളില്‍ ചേര്‍ന്നപ്പോഴും അതിന് മാറ്റമുണ്ടായില്ല.
എല്ലാ വര്‍ഷവും സ്കൂള്‍ അഡ്മിഷന്‍ വാരിയര്‍ മാഷുടെ നേതൃത്വത്തില്‍ ഒരു വിശാലമായ ചടങ്ങാണ്.അച്ഛന്‍റെ കൂടെ ഞാന്‍ ചെല്ലുമ്പോള്‍ തകൃതിയായി അഡ്മിഷന്‍ നടക്കുകയാണ്.വാരിയര്‍ മാഷും ചാമി മാഷും ജാനകി അമ്മയും അടങ്ങിയ പാനല്‍ ചടങ്ങ് തുടങ്ങിയിരിക്കുന്നു. അഡ്മിഷന്‍ എടുക്കാന്‍ വന്നിരിക്കുന്ന കുട്ടികളില്‍ മിക്കവരും പാവപ്പെട്ട കര്‍ഷക തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
അന്നത്തെ കാലത്ത് വയസ്സ് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ തെളിവുകളൊന്നും ആവശ്യമില്ല. രക്ഷിതാവിന്‍റെ സത്യവാങ്ങ്മൂലം മാത്രം മതി, ഒന്നാം ക്ലാസില്‍ ചേരുമ്പോള്‍ അഞ്ചു വയസ്സായിരിക്കണം എന്ന നിബന്ധനയ്ക്ക്. പാടത്തു പണിക്കു പോകുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്ക് ഇരുത്താനുള്ള അസൌകര്യവും സ്കൂളില്‍ സൌജന്യമായി കിട്ടുന്ന പാല്‍ -ഉപ്പുമാവ് ഭക്ഷണവും പരിഗണിച്ച് പലരും കുട്ടികളെ വ്യാജ സത്യവാങ്ങ്മൂലം നല്‍കി നാല് വയസ്സിലും നാലര വയസ്സിലും സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുവരുന്നത് അക്കാലത്തു സര്‍വ സാധാരണമായിരുന്നു.
വാരിയര്‍ മാഷിന്‍റെ തനതായ രീതിയില്‍ അദ്ദേഹം അത് പരിശോധിക്കുന്നത് വളരെ രസകരമായ ദൃശ്യം ആണ്.
" അഞ്ചു വയസ്സായോ കുട്ടിക്ക്?"
"ഉവ്വ് ,തമ്പ്രാനെ ,ഈ മകരത്തില്‍ അഞ്ചു തികഞ്ഞു."
" ഹും, ഞാന്‍ നോക്കട്ടെ. ഇങ്ങട്ട് നീങ്ങി നിക്ക് ചെക്കാ".
പേടിച്ച്,ലേശം മടിച്ച് , കുട്ടി മാഷുടെ മുന്നിലേക്ക് നീങ്ങുന്നു.
" എന്താണ്ടാ നിന്‍റെ പേര് ?"
"ഗുരുവായൂരപ്പന്‍ , സര്‍ "
" ഹും, നിന്‍റെ വലത്തേ കൈ ,ഇടതുഭാഗത്തെ ചെവി ചുറ്റിച്ച് മൂക്കില്‍ തൊടു."
ഗുരുവായൂരപ്പന്‍ പരിഭ്രമിച്ചു. നിര്‍ദേശം മനസ്സിലാകാതെ പകച്ചു.
"മനസ്സിലായില്ലേ .ഡാ ,ഇവിടെ നോക്ക് ,ദാ, ഇങ്ങനെ".
വാരിയര്‍ മാഷ് സംഗതി കാണിച്ചു കൊടുക്കുന്നു.
ഗുരുവായൂരപ്പന്‍ വളരെ പ്രയാസപ്പെട്ട് വലത്തേ കൈ ഇടത്തേ ചെവി വഴി ചുറ്റി മുന്നോട്ടു കൊണ്ടുവന്നു മൂക്കില്‍ തൊട്ടു.
"ഓ ,അഞ്ചു വയസ്സായി , ശരി ശരി , മതി , മതി ".
മാഷിന് തൃപ്തിയായി.
അനന്തരം അഡ്മിഷന്‍ രേജിസ്റ്റെരിലേക്ക് ഗുരുവായൂരപ്പന്‍ പ്രവേശിക്കുകയായി.
രെജിസ്റ്റെര്‍ എഴുതാന്‍ ചാമി മാഷ് തയ്യാര്‍ .
മാഷ് ഗുരുവായൂരപ്പനെ കൊണ്ടുവന്ന അമ്മയോട് ചോദ്യാവലി തുറന്നു.
""ചെക്കന്‍റെ അപ്പനെവിടെ?"
"പണിക്കു പോയി ,തമ്പ്രാ".
"അപ്പന്‍റെ പേരു പറയിന്‍ ".
" പഴനി മല ".
" ഓ, ചാമ്യാഷേ, രേജിസ്റ്റെരില്‍ എഴുതിന്‍ , ചെക്കന്‍റെ പേര് ഗുരുവായൂരപ്പന്‍.വയസ്സ് അഞ്ച്, അപ്പന്‍റെ പേര് പഴനി മല, എഴുതിയോ മാഷേ ?"
ചാമി മാഷ് ഇത്രയും കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതോടെ ഗുരുവായൂരപ്പന്‍ സ്കൂളിലെ ഒന്നാം തരം വിദ്യാര്‍ഥിയായി ചേര്‍ന്നു കഴിഞ്ഞു .
ഇനി രണ്ട് അടയാളങ്ങള്‍ ദേഹത്ത് നിന്നു കണ്ടുപിടിച്ച് എഴുതുന്ന ജോലിയാണ് ബാക്കിയുള്ളത് .
അതിനുള്ള ശ്രമം തുടങ്ങുന്നു.
" കുപ്പായമൂരടാ" മാഷ് ആജ്ഞാപിച്ചു.
ഗുരുവായൂരപ്പന്‍ ദയനീയമായി അമ്മയെ നോക്കുന്നു.
"ഊരടാ കുപ്പായം. ജാനകിയമ്മേ ".
വിളി കേട്ട ജാനകിയമ്മ ചാടി മുന്നോട്ടു വന്നു.
സ്കൂളിലെ ആയ കം പ്യൂണ്‍ കം ക്ലീനെര്‍ കം കുക്ക് എന്നീ റോളുകള്‍ അനായാസേന കൈകാര്യം ചെയ്യുന്ന ജാനകിയമ്മ ഗുരുവായൂരപ്പന്‍റെ കുപ്പായം അഥവാ ഷര്‍ട്ട് അഴിച്ചു മാറ്റി അവനെ വാരിയര്‍ മാഷിന്‍റെ മുന്നിലേക്ക് തള്ളി നിര്‍ത്തുന്നു.
പട്ടണം ബ്രാന്‍ഡ് മൂക്കില്‍ പൊടി രണ്ടു മൂക്കിലും വലിച്ചു കയറ്റി , ഒന്നു തുമ്മി, ഉഷാറായി, വാരിയര്‍ മാഷ് റെഡിയായി. പരിഭ്രമത്തോടെ നില്ക്കുന്ന ഗുരുവായൂരപ്പന്‍റെ കേശാദിപാദം മാസ്റ്റര്‍ നിരീക്ഷണം നടത്തി.
രണ്ട് അടയാളങ്ങള്‍ കണ്ടെത്തിയ മാഷ്.
"എഴുതിന്‍ ചാമ്യാഷേ."
ചാമി മാഷ് പേന രെജിസ്റ്ററില്‍ കുത്തി ചെവി കൂര്‍പ്പിച്ചു.
" മണ്ടയില്‍ ഒരു വടു."
"മണ്ടയില്‍ ഒരു വടു. എഴുതിയോ മാഷേ?"
ചാമി മാഷ് തലയാട്ടി.
"ഇടതു നെഞ്ചില്‍ ഒരു കാക്കപ്പുള്ളി. "
"ഓ, മതി മതി.ഇനി കുപ്പായമിട്ടോടാ ചെക്കാ."
അങ്ങനെ ഒരു ഒന്നാം ക്ലാസ്സ് അഡ്മിഷന്‍ പൂര്‍ത്തിയായി.
